പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷങ്ങൾ ഭക്തിസാന്ദ്രമാക്കി ദിവ്യജ്യോതി പര്യടനം പൂർത്തിയായി. യൂണിയന്റെ കീഴിലുള്ള 72 ശാഖായോഗങ്ങളിൽ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായായിരുന്നു പര്യടനം. ശാഖാ കേന്ദ്രങ്ങൾ, കുടുംബയൂണിറ്റ്, എം.എഫ്.ഐ യൂണിറ്റ്, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളടക്കം നൂറുകണക്കിന് കേന്ദ്രങ്ങളിൽ ദിവ്യജ്യോതിയെ സ്വീകരിച്ചു.
ആലുവ അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽനിന്ന് പകർന്നെടുത്ത ദിവ്യജ്യോതി പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് പര്യടനം. പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ, പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യൂണിയൻ കൗൺസിൽ അംഗങ്ങളായ കെ.ബി. സുഭാഷ്, കണ്ണൻ കൂട്ടുകാട്, ഡി. പ്രസന്നകുമാർ, ടി.എം. ദിലീപ്, ടി.പി. കൃഷ്ണൻ, വി.എം. നാഗേഷ് എന്നിവരും യൂണിയൻ കമ്മിറ്റി അംഗങ്ങൾ, യൂത്ത് മൂവ്മെന്റ്, വനിതാസംഘം, ശാഖായോഗം ഭാരവാഹികളും ദിവ്യജ്യോതിയെ അനുഗമിച്ചു.
ഇന്നലെ കരുമാല്ലൂർ, ചേന്ദമംഗലം മേഖലകളിലായിരുന്നു പര്യടനം. ആലങ്ങാട് ശാഖയിൽ നിന്നാരംഭിച്ച് പന്ത്രണ്ട് ശാഖകളിൽ സ്വീകരണം ഏറ്റുവാങ്ങി തെക്കുംപുറം ശാഖയിൽ സമ്മേളനത്തോടെ സമാപിച്ചു.