
കൊച്ചി:ഇന്ത്യക്ക് പരമാധികാരമുള്ള സമുദ്ര മേഖലയ്‌ക്ക് (എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോൺ - ഇ.ഇ.ഇസഡ് ) പുറത്ത് പ്രവർത്തിക്കുന്ന ചെറുകിട മത്സ്യബന്ധന യാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ പെരുമാറ്റച്ചട്ടം തിരിച്ചടിയാകുമെന്ന് ആശങ്ക. ചെറുകിടക്കാരെ തകർക്കുന്നതും കുത്തകകളെ സഹായിക്കുന്നതുമാണ് ചട്ടങ്ങളെന്ന് ആക്ഷേപമുണ്ട്.
200 നോട്ടിക്കൽ മൈലിനപ്പുറം ആഴക്കടലിൽ (ഡീപ് സീ) പ്രവർത്തിക്കുന്ന ഇന്ത്യൻ യാനങ്ങൾക്കുള്ള പെരുമാറ്റച്ചട്ടത്തിന്റെ കരടിൽ 25 മീറ്ററിന് മുകളിൽ
വലിപ്പമുള്ള യാനങ്ങൾക്ക് പെർമിറ്റ് നൽകാൻ നിർദ്ദേശമുണ്ട്. വൻകിട ട്രോളർ കമ്പനികൾ പ്രവർത്തിപ്പിക്കുന്ന ഇത്രയും വലിയ യാനങ്ങളുടെ വരവ് ചെറുകിട യാനങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് ആശങ്ക.
കേരളതീരക്കടലിലെ ആയിരത്തോളം ആഴക്കടൽ മത്സ്യബന്ധനയാനങ്ങൾ കന്യാകുമാരി ജില്ലയിലെ തുത്തൂർ നിവാസികളുടേതാണ്. 20-22 മീറ്റർ നീളമുള്ള ഇവയ്ക്ക് രണ്ടു വർഷം കൂടുമ്പോൾ സംസ്ഥാന ഫിഷറീസ് വകുപ്പാണ് പതിനായിരം രൂപ ഫീസ് ഈടാക്കി ലൈസൻസ് നൽകുന്നത്. പുതിയ ചട്ടപ്രകാരം കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ പെർമിറ്റ് എടുക്കണം. ഒരു ലക്ഷം രൂപയാണ് ഫീസ്. 25 മീറ്ററിന് മുകളിലുള്ള യാനങ്ങൾ അഞ്ചു ലക്ഷം രൂപ ഫീസ് നൽകണം. 650 ചെറുകിട ആഴക്കടൽ ബോട്ടുകൾ കൊച്ചി ഫിഷിംഗ് ഹാർബറിലുണ്ട്.