പറവൂർ: പുതുതലമുറയ്ക്ക് അന്യമാകുന്ന ഓലമെടയൽ മത്സരം സംഘടിപ്പിച്ച് പറവൂർ വടക്കേക്കര സർവീസ് സഹകരണസംഘം. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ കൂട്ടത്തിലാണ് ഓലമെടയലും കയറുപിരിയും ഉൾപ്പെടുത്തിയത്. പണ്ടുകാലത്ത് ഒട്ടുമിക്ക വീടുകളിലെ സ്ത്രീകൾക്കും ഓലമെടയൽ അറിയാമായിരുന്നു. വീട്ടിലെ ആവശ്യത്തിനും പുറത്ത് വിൽക്കുന്നതിനും ഓലമെടഞ്ഞിരുന്നു. ഓലവീടുകൾ മാറി ഓടിട്ട വീടുകളായപ്പോഴും വീടുകളിൽ ചെറിയ ഷെഡുകൾക്കായി മെടഞ്ഞ ഓലകൾ ഉപയോഗിച്ചിരുന്നു. ടിൻ ഷീറ്റുകളും പ്ളാസ്റ്റിക്ക് ടർപ്പായകളും വന്നതോടെ ഓലയും ഓടും ഓർമ്മയിലേക്ക് മറഞ്ഞുതുടങ്ങി.
ദിവസങ്ങളോളം വെള്ളത്തിലിട്ട് കുതിർത്തിയ ഓലകളാണ് മെടഞ്ഞിരുന്നത്. പക്ഷേ മത്സരം പച്ച ഓലകൾ കൊണ്ടായിരുന്നു. ഓലമെടഞ്ഞ് പരിചയമുള്ള മുപ്പത്തിരണ്ട് സ്ത്രീകൾ ഏറെ ആവേശത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്. ഭൂരിഭാഗവും പ്രായമുള്ളവരായിരുന്നു. ഏറ്റവും ആദ്യം ഒരു ഓലമെടഞ്ഞു തീർക്കുന്നവർക്കായിരുന്നു സമ്മാനം. കയർപിരി മത്സരത്തിൽ മുപ്പതുപേർ പങ്കെടുത്തു. അരമണിക്കൂറിൽ ഏറ്റവുംകൂടുതൽ നീളം കയർ പിരിക്കുന്നവർക്കാണ് സമ്മാനം. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ബാങ്ക് പ്രോത്സാഹന സമ്മാനം നൽകും. മത്സരങ്ങൾ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു.