നെടുമ്പാശേരി: ആലുവ മെട്രൊ സ്റ്റേഷനിൽനിന്ന് വിമാനത്താവളത്തിലേക്കുള്ള ഫീഡർ ബസുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളവും കൊച്ചി മെട്രോയും തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് പവൻദൂത് എന്ന പേരിൽ സർവീസ് ആരംഭിച്ചത്.

കെ.എം.ആർ.എല്ലിന്റെ നേതൃത്വത്തിൽ രണ്ട് ഫീഡർ ബസുകൾ ഇപ്പോൾ 45 മിനിറ്റ് ഇടവിട്ടാണ് സർവീസ് നടത്തുന്നത്. വിമാനത്താവളത്തിലെത്താനും മെട്രോ സ്റ്റേഷനിലെത്താനും നിരവധി പേരാണ് ഈ ബസുകളെ ആശ്രയിക്കുന്നത്. നല്ല തിരക്കുമാണ്. ഒരു ബസ് നഷ്ടപ്പെട്ടാൽ പിന്നെ മുക്കാൽ മണിക്കൂറോളം കാത്തിരിക്കേണ്ട സ്ഥിതിയുമാണ്. ഈ സാഹചര്യത്തിലാണ് ബസുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യമുയരുന്നത്. ഈ റൂട്ടിൽ ഒരു ബസ് കൂടി അനുവദിച്ചാൽ 30 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്താൻ കഴിയും. ഇത് യാത്രക്കാർക്കും ഏറെ ആശ്വാസകരമാകും.

കൊവിഡ് മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധി ഒഴിഞ്ഞതോടെ വിമാനയാത്രക്കാരുടെ എണ്ണത്തിലും അനുദിനം വർദ്ധനവ് ഉണ്ടാകുന്നുണ്ട്. ആഭ്യന്തര യാത്രക്കാരും വിമാനത്താവള ജീവനക്കാരുമാണ് ഈ സർവീസ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

ആലുവ മെട്രൊ സ്റ്റേഷനിൽനിന്ന് വിമാനത്താവളത്തിലേക്ക് 11 കിലോമീറ്റർ ദൂരമാണുള്ളത്. ഓൺലൈൻ ഓഫ്‌ലൈൻ ക്യാബുകളിലും ഓട്ടോകളിലും ഇത്രയും ദൂരം സഞ്ചരിക്കാൻ ഉയർന്ന തുക നൽകേണ്ടിവരും. ഓൺലൈൻ, ഓഫ്‌ലൈൻ ടാക്‌സികളിലുള്ള യാത്രയ്ക്ക് 350രൂപമുതൽ പരമാവധി 600രൂപവരെ നൽകേണ്ടി വരുമ്പോൾ ഫീഡർ ബസുകളിൽ 50 രൂപയിൽ താഴെയാണ് നിരക്ക്. പവൻദൂത് എന്ന പേരിൽ ഇലക്ട്രിക് ബസുകളാണ് ഫീഡർ സർവീസ് നടത്തുന്നത്.