m
പെരുമ്പാവൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് മീഡിനുകളിൽ സ്ഥാപിച്ചിരിക്കുന്ന ജീർണാവസ്ഥയിലായ പരസ്യബോർഡുകൾ.

പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിന്റെഹൃദയഭാഗത്തെ മീഡിയനുകളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ തുരുമ്പെടുത്തു അപകടാവസ്ഥയിലായി. ചില സ്ഥലങ്ങളിൽ വാഹനങ്ങൾ തട്ടി മറിഞ്ഞുവീണും മറ്റുള്ളവ ഏതു നിമിഷവും മറിഞ്ഞുവീഴാവുന്ന തരത്തിലും യാത്രക്കാർക്ക് ഭീഷണി ഉയർത്തിയുമാണ് നിൽക്കുന്നത്. പെരുമ്പാവൂർ പട്ടണത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശമായ ഗാന്ധിസ്ക്വയർ മുതൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ മുൻവശംവരെ മീഡിയയിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകളാണ് വഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിഉയർത്തുന്നത്.

ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മീഡിയനുകൾ കെട്ടുകയും അവിടെ പരസ്യബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ട് പത്തുവർഷത്തോളമായി. തുടക്കത്തിൽ രണ്ടുമൂന്നുവർഷം ചില സ്ഥാപനങ്ങൾ പരസ്യംവയ്ക്കുകയും അതിനുശേഷം അറ്റകുറ്റപ്പണികളോ പെയിന്റിംഗോ ചെയ്തിട്ടില്ല. ഇപ്പോൾ വിവിധ രാഷ്ട്രീയ കക്ഷികളുടെ കൊടിതോരണങ്ങൾ കെട്ടുന്നതിനുവേണ്ടി മാത്രമാണ് ഇവ ഉപയോഗിക്കുന്നത്. അത്തരത്തിൽ കെട്ടിയവ മറിഞ്ഞുവീണ് നിരവധി അപകടങ്ങൾക്കും കാരണമായിട്ടുണ്ട്.

പെരുമ്പാവൂർ നഗരസഭ ഓഫീസിന്റെ മൂക്കിനുതാഴെയാണ് ഈ പറയുന്നസ്ഥലം. ഇതിലെ നടന്നുപോകുന്ന വഴിയാത്രക്കാർക്ക് മറിഞ്ഞുവീണു കിടക്കുന്ന പരസ്യ ബോർഡുകളിൽതട്ടി അപകടം സംഭവിക്കുന്നത് പതിവാണ്. ഹൃദയഭാഗം പോലും വൃത്തിയായി സൂക്ഷിക്കാത്തത് അധികൃതരുടെപിടിപ്പുകേടാണെന്നാണ് പരക്കെയുള്ള ആക്ഷേപം. പെരുമ്പാവൂർ പട്ടണത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശം കൂടിയാണ് ഇവിടം.

യാത്രനിവാസ് ബസ് ടെർമിനൽ, പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കേരള ബാങ്കിന്റെ പ്രധാനശാഖ, പെരുമ്പാവൂർ സാൻജോ ഹോസ്പിറ്റൽ, പെരുമ്പാവൂർ നഗരസഭ ഓഫീസ്, എക്സൈസ് ഓഫീസ്, പെരുമ്പാവൂരിൽനിന്ന് വിവിധ പ്രദേശങ്ങളിലേക്ക് യാത്രചെയ്യുന്നതിനായി ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന ഒരു പ്രദേശം കൂടിയാണിത്.

പരസ്യ ബോർഡുകൾ തുരുമ്പെടുത്തു മറിഞ്ഞുവീണുകിടക്കുന്നത് നിത്യവും കാണുന്നുണ്ടെങ്കിലും കണ്ണടച്ചു പോകുന്ന മുനിസിപ്പൽ അധികാരികളും ഉദ്യോഗസ്ഥരും ഈ പ്രശ്നത്തിൽ ഇടപെട്ട് എത്രയും പെട്ടെന്ന് ഇവ നവീകരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നാണ് ആവശ്യം.