മരട്: കഴിഞ്ഞ അഞ്ചുവർഷമായി വൃക്കരോഗത്തിന്റെ പിടിയിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. നെട്ടൂർ നോർത്ത് ചാലാഞ്ചേരി വീട്ടിൽ പരേതനായ വിജയന്റെ മകൻ വിവേക് (23) ആണ് ചികിത്സാ സഹായം തേടുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. രോഗാവസ്ഥ ഇപ്പോൾ അന്തിമഘട്ടത്തിലാണെന്നും ചികിത്സയ്ക്ക് മാത്രം പ്രതിമാസം 10,000 രൂപ വേണ്ടിവരുമെന്നും നെഫ്രോളജി വിഭാഗം മേധാവി ഡോ. ഗോമതിയും സാക്ഷ്യപ്പെടുത്തുന്നു.
അച്ഛൻ വിജയന്റെ അകാലനിര്യാണത്തെ തുടർന്ന് പറക്കമുറ്റാത്ത രണ്ട് ആൺമക്കളെ വളർത്തിയത് ദിവസക്കൂലിക്കാരിയായ അമ്മ സുനിത വിജയനായിരുന്നു. ഭർത്താവിന്റെ വേർപാടിനെ തുടർന്ന് 'കൂനിൻമേൽ കുരു' എന്നപോലെ കുടുംബത്തിന്റെ ആശ്രയമാകേണ്ടിയിരുന്ന മൂത്തമകൻ വിവേക് വിജയൻ വൃക്കരോഗത്തിന്റെ പിടിയിലുമായി. അമ്മ സുനിതയും വിദ്യാർത്ഥിയായ ഇളയ മകൻ അതുലും ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന വിവേകിന്റെ പരിചരണാർത്ഥം ആലപ്പുഴയിലാണിപ്പോൾ. തുടർചികിത്സാ ചെലവിനും മറ്റും വഴികാണാനാവാതെ പകച്ചു നിൽക്കുകയാണ് ഈ കുടുംബം. സുമനസുകളുടെ സഹായമാണ് ഇനി ഇവർക്ക് ആശ്രയം.
അക്കൗണ്ട് പേര്: സുനിത വിജയൻ, അക്കൗണ്ട് നമ്പർ: 55360100000633, ബാങ്ക് ഒഫ് ബറോഡ, മരട്. ഐ.എഫ്.എസ്.സി: BARB0MARADU. സുനിത വിജയന്റെ ഫോൺ: 9947188450.