കൊച്ചി: 2018ലെ മഹാപ്രളയവും 2019 ലെ ശക്തമായ മഴയും കൊച്ചിക്കുണ്ടായ ആഘാതവും കണക്കിലെടുത്താണ് ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായി 24 കോടിരൂപ ഇതിനായി അനുവദിച്ചു. 14 കോടിരൂപയുടെ പണി​ പൂർത്തിയായെങ്കിലും 2019 ലേതിനേക്കാൾ ഭീകരമായ വെള്ളപ്പൊക്കം കഴിഞ്ഞ 30നുണ്ടായി​.
ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രകാരം മുല്ലശേരി കനാലിലെ വെള്ളം തേവര പേരണ്ടൂർ കനാലിലേക്കാണ് പമ്പ് ചെയ്തിരുന്നത്. അതാകട്ടെ കമ്മട്ടിപ്പാടം, ഉദയകോളനി, പി.ആൻഡ് ടി. കോളനി എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടാക്കുമെന്നതിനാൽ പിന്നീട് ഉപേക്ഷിച്ചു. തേവര- പേരണ്ടൂർ കനാലിന് താങ്ങാനാവുന്നതിലും കൂടുതൽ വെള്ളമുണ്ട്. നഗരത്തിലെ എല്ലാ കനാലുകളും പടിഞ്ഞാറേക്ക് തിരിച്ചുവിടുന്നതിന് സി.എസ്.എം.എൽന്റെ 10 കോടി രൂപ വിനിയോഗിച്ച് തയ്യാറാക്കിയ പദ്ധതിയും മുന്നോട്ടുപോയില്ല . പദ്ധതി ഏതാണ് 50 മീറ്റർ മുന്നോട്ടുപോയപ്പോൾ വാട്ടർ അതോറിട്ടിയുടേയും സീവേജിന്റെയും പൈപ്പുകൾ തടസമായി. ഇത് മാറ്റുന്നതിന് 5.11 കോടി രൂപയാണ് വാട്ടർ അതോറിട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ മൂന്നാം ഗഡുവായ 10 കോടിയിൽ നിന്ന് ഈ തുക നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

കൊച്ചിയിലെ 6 കാനുകളുടെ വികസനത്തിന് കിഫ്ബി അനുവദിച്ച 1500 കോടിരൂപയുടെ പദ്ധതിയും പുത്തരിയിൽ കല്ലുകടിച്ച അവസ്ഥയിലാണ്. എല്ലാ കനാലുകളും ലിത്തോമാപ് അനുസരിച്ച് 16.5 മീറ്റർ വീതിയിൽ പുന:സ്ഥാപിക്കുകയാണ് ലക്ഷ്യം. അതിന് നിരവധി ആളുകളെ പുനരധിവസിപ്പിക്കണം. കാക്കനാട് 7 ഏക്കർ സ്ഥലവും കണ്ടെത്തിയിട്ടുണ്ട്. സ്ഥലം എടുപ്പ് നടപടി മുൻകൂട്ടി അറിയിച്ചില്ലെന്ന കാരണം പറഞ്ഞ് കിഫ്ബി ഉടക്കിട്ടു. അതോടെ ആ പദ്ധതിയും അവതാളത്തിലായി.

സൗമിനി ജെയിൻ ചെയർമാനായ കാലത്ത് 2018ൽ തേവര പേരണ്ടൂർ കനാൽ അമൃത് പദ്ധതിയിൽപ്പെടുത്തി 20 കോടിരൂപയുടെ പദ്ധതി സമർപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി അത് ശീതീകരണിയിലാണ്. അടുത്ത മാർച്ച് 31 ന് അമൃത് പദ്ധതിയുടെ കാലാവധി​ അവസാനിക്കും. അതിന് മുമ്പ് ഇത് നടപ്പിലായാൽ തേവര പേരണ്ടൂർ കനാലിലെ പ്രശ്നം പരിഹരിക്കാനാകും.

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ റെയിൽവെയുടെ പങ്കാളിത്തം അനിവാര്യമാണ്. റെയിൽവേയുടെ വടുതല മുതൽ അറ്റ്ലാന്റിസ് വരെ 32 കൾവെർട്ടുകളുണ്ട്. അവിടെ ശുചീകരണം നടത്തണമെങ്കിൽ പോലും റെയിൽവേ കനിയണം. കനാലുകൾ ചെന്നുചേരുന്ന കായൽ മുഖം എക്കൽ അടിഞ്ഞ് വെള്ളം ഉൾക്കൊള്ളാനാവാത്ത അവസ്ഥയിലാണ്. കായൽ മുഖത്ത് ഡ്രഡ്ജിംഗ് നടത്തണമെങ്കിൽ ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ് കനിയണം. ഇങ്ങിനെ വിവിധ വകുപ്പുകൾ വെവ്വേറെ ധ്രുവത്തിൽ നിൽക്കുന്നതാണ് കൊച്ചിയിലെ വെള്ളക്കെട്ടിന്റെ പ്രധാനകാരണം.

• ഏകോപനമി​ല്ല

വിവിധ വകുപ്പുകളുടേയും സർക്കാർ ഏജൻസികളുടേയും ഏകോപനമില്ലാത്തതാണ് കൊച്ചിയിലെ വെള്ളക്കെട്ടിന്റെ പ്രധാനകാരണം. അതുകൊണ്ട് ഓപ്പറേഷൻ ബ്രേക്ക് ത്രു എത്രമാത്രം ലക്ഷ്യത്തിലെത്തിയെന്നകാര്യം സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കേണ്ടതുണ്ട്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ടുപോകണം.

ടി.ജെ.വിനോദ് എം.എൽ.എ