
മൂവാറ്റുപുഴ : സംസ്ഥാനത്തെ മികച്ച പി.ടി.എയ്ക്കുള്ള പുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് പായിപ്ര ഗവ.യു.പി സ്കൂൾ അധികൃതർ ഏറ്റുവാങ്ങി. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് കണ്ണൂരിൽ നടന്ന അദ്ധ്യാപക ദിനാഘോഷത്തിൽ വെച്ച് മന്ത്രി കൈമാറി. ജില്ലയിൽ നിന്ന് പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിൽ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണ് പായിപ്ര ഗവ.യു.പി സ്കൂൾ. കഴിഞ്ഞ രണ്ട് വർഷ കാലയളവിൽ വിദ്യാലയത്തിൽ പി.ടി.എയുടെ നേതൃത്വത്തിൽ നടത്തിയ പാഠ്യ-പാഠ്യേതര മികവുകൾക്ക് ലഭിച്ച അംഗീകാരമാണ് ഈ അവാർഡ്. സംസ്ഥാന അദ്ധ്യാപക അവാർഡ് ഈ വിദ്യാലയത്തിലെ കെ.എം. നൗഫലിന് ലഭിച്ചിരുന്നു. പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ ,ഹെഡ്മിസ്ട്രസ് വി. എ.റഹീമ ബീവി, പി.ടി.എ അംഗങ്ങളായ അസീസ് പുഴക്കര, പി.എം.നവാസ് , എ.കെ.പ്രസാദ് , നിസാർ പാലി, സി.കെ.മൊയ്തീൻ , അദ്ധ്യാപകരായ കെ.എം. നൗഫൽ, എ.സലീന, അജിത രാജ്, വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് ഈസ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. കഴിഞ്ഞ കാലങ്ങളിൽ വിദ്യാലയം ഏറ്റെടുത്ത വിവിധ പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരമാണ് സംസ്ഥാന പി.ടി.എ പുരസ്കാരമെന്ന് പി.ടി.എ പ്രസിഡന്റ് നസീമ സുനിലും ഹെഡ്മിസ്ട്രസ് വി.എ.റഹീമ ബീവിയും പറഞ്ഞു.