കൊച്ചി: ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് എം.ജി റോഡിലിറങ്ങിയവർ കുടുങ്ങി. ജോസ് ജംഗ്ഷനിലെ അപ്രതീക്ഷിത 'പണി’ യാണ് കാരണം.
ജോസ് ജംഗ്ഷനിലെ സിഗ്നലിന്റെ ഭാഗത്ത് റോഡിൽ സ്ലോപ് നിർമ്മിക്കുന്നതിനാണ് റോഡ് അടച്ചിട്ടത്. ഇതോടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. നിർമ്മാണ പ്രവർത്തനം വൈകിട്ട് അഞ്ചുമണിവരെ തുടർന്നു. ഇതോടെ എം.ജി റോഡിൽ കെ.പി.സി ജംഗ്ഷൻ മുതൽ ജോസ് ജംഗ്ഷൻ വരെ റോഡിൽ ബ്ലോക്കായി. എം.ജി റോഡിൽ സൗത്തിലേക്ക് പോകുന്ന വഴിയിലായിരുന്നു അറ്റകുറ്റപ്പണി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ മൂലം പൂർത്തിയാക്കാൻ പറ്റാത്ത ജോലിയാണ് ഇന്നലെ തീർത്തതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയോടെ മഴ തോർന്നതോടെ ജോലി പെട്ടന്ന് നടത്തുകയായിരുന്നു. എന്നാൽ ഓണസമയത്ത് റോഡ് അടച്ച് പണി നടത്തിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ബ്ലോക്കിനിടെയാണ് പണിയുമായി പൊതുമരാമത്ത് വകുപ്പ് എത്തിയത്.