shemeer

കൊച്ചി: ശമ്പളത്തിൽ നിന്ന് നിശ്ചിതതുക നീക്കിവച്ച് ഹൃദ്രോഗിയായ ഉമ്മയ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കണം, പിന്നെ വായ്പയ്ക്ക് ഈടുവച്ച രണ്ടര സെന്റ് വീടും പുരയിടത്തിന്റെയും ആധാരം തിരിച്ചെടുക്കണം. മക്കളുടെ പഠിപ്പ്... ഇങ്ങിനെ ഒരുപിടി സ്വപ്നങ്ങളുമായി ഇക്കഴിഞ്ഞ ജൂണിൽ ഖത്തറിലേക്ക് പറന്ന ഇടപ്പള്ളി നാഗപ്പറമ്പിൽ എൻ.എം. ഷെമീറും (45) ലഹരിമാഫിയയുടെ ചതിയിൽ കുടുങ്ങി മൂന്ന് മാസമായി ജയിലിലാണ്. വരാപ്പുഴ സ്വദേശി ജയ മകനെ രക്ഷപ്പെടുത്താൻ ഓടിനടക്കുമ്പോൾ, ടാക്സി ഡ്രൈവറായ ഷെമീറിന്റെ ഭാര്യ ജാസ്മിനും സർക്കാരിന്റെ കാരുണ്യത്തിനും സുമനസുകളുടെ കനിവും തേടി അലയുകയാണ്. 30 ദിവസം മാത്രമാണ് ഇനി ജാസ്മിന്റെയും മുന്നിലുള്ളത്. ജാമ്യത്തിനായുള്ള രേഖകൾ ഹാജരാക്കിയില്ലെങ്കിൽ ഭർത്താവിനെതിരായ കേസ് കോടതിയിലേക്ക് പോകും. ഷെമീർ ജയിലിലായതോടെ ക്ലിനിംഗ് ജോലികൾക്ക് പോയാണ് ഇവർ കുടുംബം പുലർത്തുന്നത്. വിദ്യാർത്ഥികളായ മൂന്ന് മക്കളും പിതാവിനെ നാട്ടിലെത്തിക്കാൻ അമ്മയ്ക്കൊപ്പമുണ്ട്.

ജയയുടെ പരാതിയിൽ അറസ്റ്രിലായ വൈക്കം സ്വദേശി രതീഷ്, ഒരു മാസത്തോളം പിന്നാലെ നടന്നാണ് ഷെമീറിനെ കുരുക്കിയത്. ഫിഫ ഫുട്ബാൾ വേൾഡ് കപ്പിന് ഖത്തർ വേദിയായതിനാൽ ഇവിടെ ഡ്രൈവർ മേഖലയിൽ നിരവധി തൊഴിലവസരങ്ങളുണ്ടെന്നാണ് വിശ്വസിപ്പിച്ചത്. ഷെമീറിനെ നിർബന്ധിപ്പിച്ച് ഹെവി ഡ്രൈവിംഗ് ലൈസൻസ് ഇവർ എടുപ്പിച്ചു. പതിവ് പോലെ വിസയും വിമാന ടിക്കറ്രുമെല്ലാം സൗജന്യമാണെന്ന അടവ് ഇവിടെയും പുറത്തെടുത്തിരുന്നു. ശബളത്തിൽ നിന്നിത് പിടിക്കുമെന്ന വ്യവസ്ഥയാണ് മുന്നോട്ട് വച്ചത്. ഇത് അംഗീകരിച്ച് കൊച്ചിയിൽ നിന്നാണ് ഷെമീർ യാത്ര തിരിച്ചത്. നെടുമ്പാശേരിയിൽ നിന്ന് ദൂബായിൽ എത്തി അവിടെ നിന്ന് ഖത്തറിലേക്ക് കണക്ഷൻ ഫ്ലൈറ്രാണ് ഒരുക്കിയത്. ഖത്തറിൽ ക്വാറന്റൈൻ കാലാവധി കൂടുതലാണെന്നും ദുബായിൽ ഇത് ഒരുദിവസമേയുള്ളൂവെന്നും വിശ്വസിപ്പിച്ചു.

ദുബായിൽ വിമാനമിറങ്ങിയ ഷെമീറിനെ കാണാണെന്നയ ഒരാൾ ജോലിക്കും മറ്റുമുള്ള രേഖകളാണെന്ന് പറഞ്ഞ് ഒരു ബാഗ് കൈമാറി. ഖത്തറിൽ കസ്റ്റംസ് പരിശോധനയ്ക്കിടെ മയക്കുമരുന്ന് പിടികൂടുമ്പോഴാണ് ലഹരി മാഫിയയുടെ ചതി തിരിച്ചറിയുന്നത്. പിടിയിലായി ഏതാനും ദിവസം കഴിഞ്ഞ് ഷെമീർ വിളിക്കുമ്പോഴാണ് ദുരന്തകഥ ജാസ്മിനും മക്കളും അറിയുന്നത്. കളമശേരി, വരാപ്പുഴ പൊലീസ് സ്റ്രേഷനുകളിൽ പരാതി നൽകിയെങ്കിലും ജയയുടെ പരാതിയിൽ പ്രതികൾ അറസ്റ്രിലായതോടെ ഇവരുടെ കേസും പൊലീസ് ഇതിനൊപ്പം ചേർത്തു. ലഹരിമാഫിയയുടെ ചതിയിൽപ്പെട്ടാണ് ഷെരീഫ് ഖത്തറിൽ കുടുങ്ങിയതെന്ന എഫ്.ഐ.ആർ പോലുമില്ലാത്തത് തിരിച്ചടിയായിട്ടുണ്ട്. ഇതടക്കം സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ അമ്മയും.