mla
മാനാന്തടത്തുള്ള കുഞ്ഞുമോൾക്ക് പി.വി. ശ്രീനിജിൻ എം.എൽ.എ ഓണക്കോടി കൈമാറുന്നു

കോലഞ്ചേരി: കരുതലിന്റെ കരങ്ങളുമായി അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ വയോജനങ്ങൾക്ക് ഓണക്കോടിയുമായി അവരുടെ വീടുകളിലെത്തി. കുന്നത്തുനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ 100 വയോജനങ്ങൾക്കാണ് ഓണക്കോടി ലഭിച്ചത്. ആരോരും നോക്കാനില്ലാതെ ഒ​റ്റയ്ക്ക് താമസിക്കുന്നവർക്കാണ് ഓണസമ്മാനം. പദ്ധതിയുടെ ഉദ്ഘാടനം പുത്തൻകുരിശ് പഞ്ചായത്തിൽ നടന്നു. തുടർന്ന് മാനാന്തടത്തുള്ള കുഞ്ഞുമോൾക്ക് വീട്ടിലെത്തി ഓണക്കോടി കൈമാറി. മ​റ്റ് പഞ്ചായത്തുകളിൽ ഉള്ളവർക്ക് അതാത് കുടുംബശ്രീ സി.ഡി.എസുകൾ വഴിയാണ് വിതരണം ചെയ്യുന്നത്.

കുടുംബശ്രീയുടെ സ്‌നേഹിത കോളിംഗ് ബെൽ പദ്ധതിയുടെ ഭാഗമായി നടത്തിയ സർവേയിൽനിന്ന് കണ്ടെത്തിയവർക്കാണ് ഓണക്കോടികൾ നൽകിയത്. 93 സ്ത്രീകർക്കും ഏഴ് പുരുഷൻമാർക്കുമായിരുന്നു ഓണക്കോടി.
കുടുംബശ്രീയുമായി ചേർന്നുതന്നെ ഇവർക്ക് സംരക്ഷണം ഒരുക്കുന്നത് ഉൾപ്പടെയുള്ള സഹായങ്ങൾ എത്തിക്കാനാണ് ശ്രമം. ഓണക്കോടി വിതരണ ചടങ്ങിൽ പുത്തൻകുരിശ് പഞ്ചായത്ത്പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ്കെ.കെ. അശോകകുമാർ, സി.ഡി ചെയർ പേഴ്‌സൺ പ്രേമലത സന്തോഷ്, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേ​റ്റർ എം.ബി. പ്രീതി, സ്‌നേഹിത സർസ് പ്രൊവൈഡർ സ്മിത മനോജ്, ജില്ലാ പ്രോഗ്രാം മാനേജർ ആരതി അരവിന്ദ്, മാർക്ക​റ്റിംഗ് മാനേജർ പി.എ. അജിത് തുടങ്ങിയവർ പങ്കെടുത്തു.