hil

കളമശേരി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിൽ ഇന്ത്യയിൽ ജൂൺ മാസം മുതൽ ലഭിക്കാനുള്ള ശബളം ഇന്ന് തീരുമാനമായില്ലെങ്കിൽ തിരുവോണ നാളിൽ പട്ടിണിസമരം തുടങ്ങുമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. തിങ്കളാഴ്ച ജനറൽ മാനേജർ അടക്കമുള്ള ഉദ്യോഗസ്ഥരെ തൊഴിലാളികൾ കമ്പനി ഗെയ്റ്റിനു മുന്നിൽ തടഞ്ഞിരുന്നു. പൊലീസ് എത്തിയാണ് കടത്തിവിട്ടത്. തുടർന്ന് യൂണിയൻ നേതാക്കളും മാനേജ്മെന്റും തമ്മിൽ നടന്ന ചർച്ചയിലാണ് പരിഹാരമായത്.

1200 പേർ ജോലി ചെയ്തിരുന്നിടത്ത് ഇന്ന് 70 സ്ഥിരം ജീവനക്കാരും 24 കരാർ തൊഴിലാളികളുമാണുള്ളത്. ഉത്പാദനം നിലച്ചിട്ട് 1 വർഷമായി. ശമ്പളത്തിൽ നിന്ന് പിടിക്കുന്ന പി.എഫ്. എൽ.ഐ.സി, ഹൗസ് ലോൺ, ക്രഡിറ്റ് സൊസൈറ്റി തുടങ്ങിയ തുകയും ഒരു വർഷമായി കമ്പനി അടച്ചട്ടില്ല.

വിരമിച്ചവരുടെ ഗ്രാറ്റിവിറ്റിയും ലീവ് എൻക്വാഷ്മെന്റ് തുകയും നൽകിയിട്ടില്ല. ശമ്പളം കിട്ടാതായതോടെ സ്വകാര്യ ഏജൻസിയുടെ സെക്യൂരിറ്റി ജീവനക്കാർ ജോലി അവസാനിപ്പിച്ചിരുന്നു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് നേതാക്കൾ ചേർന്ന് നിവേദനം നൽകി.