ആലുവ: ഓണത്തോടനുബന്ധിച്ച് ലഹരി മരുന്നുകൾക്കും വ്യാജമദ്യത്തിനുമെതിരെ പരിശോധനകൾ കർശനമാക്കി എറണാകുളം റൂറൽ ജില്ലാ പൊലീസ്. ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാറിന്റെ നിർദ്ദേശാനുസരണം വ്യാപകമായ പരിശോധനകളും സ്‌പെഷ്യൽ ഡ്രൈവുകളും ജില്ലയിലുടനീളം നടക്കുകയാണ്.
അതിർത്തി കടന്ന് ലഹരിവസ്തുക്കൾ എത്തുന്നത് തടയാൻ ഓരോ കേന്ദ്രങ്ങളിലും വാഹന പരിശോധനയും നടക്കുന്നുണ്ട്. മുമ്പ് ഇത്തരം കേസുകളുമായി പിടിയിലായവർ നിരീക്ഷണത്തിലാണ്. പരിശോധനയുടെ ഭാഗമായി ആലുവ റെയിൽവേ സ്‌റ്റേഷൻ, ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ ഡോഗ് സ്‌ക്വാഡിന്റെ സേവനവും പ്രയോജനപ്പെടുത്തി. ഓരോ സ്റ്റേഷൻ പരിധിയിലും പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു. മഫ്ടിയിലും പൊലീസ് നിരത്തിലുണ്ട്.