പറവൂർ: വടക്കേക്കര ഹിന്ദുമത ധർമ്മ പരിപാലന സഭയുടെ നേതൃത്വത്തിൽ ശ്രീനാരായണ ജയന്തി ആഘോഷം 10ന് നടക്കും. ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നിർവഹിച്ച മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ രാവിലെ 6.15ന് വിശേഷാൽപൂജ, 6.30ന് ഗുരുദേവ മണ്ഡപത്തിൽ വിശേഷാൽപൂജ, 8ന് ജയന്തി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് സഭ പ്രസിഡന്റ് ഇ.പി. സന്തോഷ് പതാക ഉയർത്തും. 9ന് ഘോഷയാത്ര, 10ന് ജയന്തിദിന സമ്മേളനത്തിൽ പൂത്തോട്ട കെ.പി.എം വി ഹയർ സെക്കൻഡറി സ്കൂളിലെ അഖിൽ വിനോദ്, മാല്യങ്കര എസ്.എൻ.എം കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത എന്നിവർ പ്രഭാഷണം നടത്തും. സഭ പ്രസിഡന്റ് ഇ.പി. സന്തോഷ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഡി. സുനിൽകുമാർ, ആഘോഷ കമ്മിറ്റി കൺവീനർ ഒ.എസ്. അജിത്ത് കുമാർ എന്നിവർ സംസാരിക്കും.
ജയന്തി ആഘോഷത്തോടനുബന്ധിച്ച് സഭയുടെ കീഴിലുള്ള എസ്.എൻ.എം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനം നടക്കും.
പാലാതുരുത്ത് - മുണ്ടുരുത്തി ഗുരുദേവ സംഘമിത്രയുടെ നേതൃത്വത്തിൽ ഗുരുദേവ ജയന്തിദിനാഘോഷം 10ന് സംഘമിത്ര ഹാളിൽ നടക്കും. പുലർച്ചെ 5ന് വിശേഷാൽപൂജ, 6.15ന് സമൂഹഹോമം, 8 മുതൽ സമൂഹപ്രാർത്ഥന, ഗുരുപുഷ്പാഞ്ജലി, 9.30ന് ചതയദിന സമ്മേളനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഇ.എസ്. ഷീബ ഉദ്ഘാടനം ചെയ്യും. സംഘമിത്ര ചെയർമാൻ കെ.ജെ. മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. മുൻ എം.പി. കെ.പി. ധനപാലൻ ചതയദിനസന്ദേശം നൽകും. ഗുരുധർമ്മ പ്രചാരണസഭ മുൻ രജിസ്ട്രാർ എം.വി. മനോഹരൻ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പിയോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, സംഘമിത്ര സെക്രട്ടറി എം.എം. പവിത്രൻ, വൈസ് ചെയർമാൻ എം.പി. അനിൽകുമാർ, വാർഡ് മെമ്പർ റീജ ഡേവിസ് എന്നിവർ സംസാരിക്കും. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ സംഘമിത്ര അംഗങ്ങളുടെ മക്കളെ പുരസ്കാരം നൽകി അനുമോദിക്കും.