bus

അന്യസംസ്ഥാന, ദീർഘദൂര ബസുകളിൽ ടിക്കറ്റ് കിട്ടാനില്ല

സ്‌പെഷ്യൽ സർവീസൊരുക്കി കെ.എസ്.ആർ.ടി.സി

കൊച്ചി: ഓണത്തിരക്കിൽ നേട്ടം കൊയ്യാനൊരുങ്ങി ബസ്,​ വിമാന കമ്പിനികൾ. ബംഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ കേരളത്തിലേക്കും തിരികെയും ട്രെയിൻ ടിക്കറ്റ് ഇല്ലാത്ത സാഹചര്യം മുതലെടുത്ത് സ്വകാര്യ അന്തർ- സംസ്ഥാന ബസുകളും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു. ഇന്നലെയും ഇന്നുമായി നാട്ടിലെത്തി ഞായറാഴ്ച വൈകിട്ട് മടങ്ങാൻ ലക്ഷ്യമിട്ടവർക്കാണ് ട്രെയിൻ ടിക്കറ്റ് ദുരിതവും ബസ്- ഫ്‌ളൈറ്റ് ചാർജ് വർദ്ധനവും തിരിച്ചടിയായത്.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം റൂട്ടുകളിലെല്ലാം ബസ് നിരക്കിൽ വർദ്ധനയുണ്ട്. ബംഗളൂരു, ചെന്നൈ നിരക്കുകളാണ് കഠിനം. ബസ് പുറപ്പെടുന്ന സമയം വച്ച് നിരക്ക് വീണ്ടും കൂടും.

ബംഗളൂരു കൊച്ചി എ.സി സ്ലീപ്പറിന് 2,300രൂപക്ക് മുകളിലാണ് പല ബസുകളും ഈടാക്കുന്നത്. സാധാരണ 1,800 രൂപ മതി. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എ.സി സ്ലീപ്പറിലും നിരക്ക് വർദ്ധിപ്പിച്ചു. ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് നേരത്തേയുണ്ടായിരുന്ന കണക്ടഡ് ബസ് സർവീസ് ഇപ്പോഴില്ല.

റൂട്ട്, നിലവിലെ നിരക്ക്, സാധാരണ നിരക്ക്

ബംഗളൂരു- കൊച്ചി, ചെന്നൈ- കൊച്ചി (ഏകദേശ നിരക്ക്)

എ.സി സ്ലീപ്പർ 2,650- 2,900 (1,290- 1,350)
എ.സി സെമി സ്ലീപ്പർ 2,000- 2,500 (1,000 1,200)

ട്രെയിൻ ടിക്കറ്റ് കിട്ടാക്കനി
ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് ട്രെയിൻ ടിക്കറ്റ് കിട്ടാതെ വലഞ്ഞവർ ഏറെ. പ്രീമിയം തത്കാൽ മാത്രമാണ് പലർക്കും ആശ്രയമായത്. എന്നാൽ ഇതിന് നിരക്ക് വർദ്ധിക്കുകയും ചെയ്യും. ഹൈദരാബാദിൽ നിന്നാണ് ഏറെ യാത്രക്കാരുള്ളതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു.

സ്‌പെഷ്യൽ ട്രെയിൻ
ഓണത്തിരക്ക് പരിഗണിച്ച് എറണാകുളം വഴി മൂന്ന് സ്‌പെഷൽ ട്രെയിനുകളാണ് ഓടുന്നത്. ഹൈദരാബാദ്- തിരുവനന്തപുരം 007119, ചെന്നൈ- എറണാകുളം 06053, തിരുനൽവേലി- ബംഗളൂരു 06052 എന്നീ ട്രെയിനുകളാണ് അവ.

കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ്
കെ.എസ്.ആർ.ടി.എറണാകുളത്തു നിന്ന് സ്‌പെഷ്യലായി കോഴിക്കോട്ടേക്കും തിരുവന്തപുരത്തേക്കുമായി രണ്ട് എ.സി ലോഫ്‌ളോർ ബസുകൾ സർവീസ് നടത്തും. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ഡീലക്‌സ് ബസുകളും മറ്റിടങ്ങളിലേക്ക് സൂപ്പർ ഫാസ്റ്റുമുണ്ടാകും. 24 മണിക്കൂറും ബസ് ഓപ്പറേറ്റ് ചെയ്യാനും തീരുമാനമായി.


കെ.എസ്.ആർ.ടി.സി ബംഗളൂരു-- കൊച്ചി

എ.സി മൾട്ടി ആക്‌സിൽ: 1,106-1,134

സൂപ്പർ എക്‌സ്പ്രസ്: 702

സൂപ്പർ ഡീലക്‌സ് : 884

സ്വിഫ്റ്റ് എസി സ്ലീപ്പർ: 1,551

വിമാന നിരക്കിൽ നേരിയ വർദ്ധന

വിമാന ടിക്കറ്റ് നിരക്കിലും നേരിയ വർദ്ധനയുണ്ട്. ഇൻഡിഗോ, എയർ ഇന്ത്യ ഉൾപ്പെടെ ഉത്സവ സീസണ് മുന്നോടിയായി നിരക്ക് വ്യത്യാസമുണ്ട്.

നിരക്ക് (വിവിധ വിമാന കമ്പനികളുടേത്)

ഡൽഹി- കൊച്ചി- 9,000- 14,125

ബംഗളൂരു- കൊച്ചി- 3,756- 7,150

മുംബൈ- കൊച്ചി- 8,638- 11,000