കൊച്ചി: പണ്ടൊക്കെ, ചോർന്നൊലിക്കുന്ന ഓലപ്പുരയിലും പെരുമഴക്കാലത്ത് സുഖമായി ഉണ്ടുറങ്ങി ജീവിച്ച കൊച്ചിക്കാർ ഇന്ന് കോൺക്രീറ്റ് കെട്ടിടങ്ങളിലായിട്ടും മഴമേഘം കണ്ടാൽ ഭയന്നുവിറയ്ക്കും. സാധാരണ മഴപെയ്താൽ പോലും എവിടെയൊക്കെ വെള്ളം കയറുമെന്ന കാര്യത്തിൽ ആർക്കും ഒരു നിശ്ചയമില്ല.

കുട്ടനാടിന്റെ മദ്ധ്യത്തിലുള്ള ആലപ്പുഴ പട്ടണത്തിന് ഇല്ലാത്ത ജലഭീതിയാണ് കൊച്ചിക്ക്. ഒരു നൂറ്റാണ്ട് മുമ്പ് രാജാകേശവദാസ് ദീർഘവീക്ഷണത്തോടെ രൂപകല്പനചെയ്ത കനാലുകളാണ് ആലപ്പുഴയെ ഇന്നും പ്രളയത്തിൽ നിന്ന് രക്ഷിക്കുന്നത്. കാലമേറെ പുരോഗമിച്ചിട്ടും കൊച്ചി നഗരം വികസിക്കുന്നതിനനുസരിച്ച് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ പഠിക്കുന്നതിനൊ കൈകാര്യം ചെയ്യുന്നതിനൊ ഫലപ്രദമായ സംവിധാനങ്ങളില്ല.

എല്ലാ കാനകളിലും തോടുകളിലും തലങ്ങും വിലങ്ങും കേബിളുകളും പൈപ്പ് ലൈനുകളുമാണ്. മഴക്കാലത്ത് ഒഴുകിവരുന്ന പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ഈ പൈപ്പ് ലൈനിലും കേബിളിലും തടഞ്ഞുനിന്ന് വെള്ളക്കെട്ടുണ്ടാക്കും. മഴക്കാലത്തിന് മുമ്പേ എല്ലാ ജലനിർഗമന മാർഗങ്ങളും ശുചീകരിച്ചാൽ ഒരുപരിധിവരെ പ്രശ്നപരിഹരിക്കാവുന്ന പ്രശ്നമേയുള്ളു. പക്ഷേ, അതിൽപോലും കാര്യക്ഷമതയില്ലെന്നതാണ് വസ്തുത.

പ്രധാന കാനകളിലെ നീരൊഴുക്കും ഉട്ടോപ്യൻ സംവിധാനത്തിലാണ്. ഉദാഹരണത്തിന് ഗോപാലപ്രഭു റോഡിൽ നിന്ന് നേരേ പടിഞ്ഞാറുള്ള കായലിലേക്ക് ഒഴുക്കേണ്ട ജലം ടി.ഡി. റോഡിലൂടെ കിഴക്കോട്ട് തിരിച്ചുവിട്ട് ബാനർജി റോഡിൽ എത്തിച്ചിട്ട് അവിടെനിന്നാണ് കായലിലേക്ക് ഒഴുക്കുന്നത്. ഇത്തരം വിചിത്രമായ പദ്ധതികളും പരിപാടികളുമാണ് കൊച്ചിയുടെ എക്കാലത്തേയും ശാപം.

ഇന്നത്തെ പ്രത്യേക സാഹചര്യം കൂടി പരിഗണിച്ച് ഹ്രസ്വകാല അടിസ്ഥാനത്തിലും ദീർഘകാലത്തേക്കുമുള്ള പരിഹാരങ്ങൾ വേണം. കനാൽ ഡ്രഡ്ജ് ചെയ്ത് ആഴവും വീതിയും കൂട്ടി പടിഞ്ഞാറ് ദിശയിലേക്ക് ചെരിവും ഉണ്ടാക്കണം. ഡ്രഡ്ജ് ചെയ്യുമ്പോൾ ലഭിക്കുന്ന എക്കൽ കനാലിന്റെ രണ്ടുകരകളിലും നിക്ഷേപിച്ച് തിട്ട ബലപ്പെടുത്തുകയും ചെയ്താൽ ഭാവിയിലെങ്കിലും ജലഭീതി ഒഴിവാക്കാം. മുമ്പ് ജലഗാതാതം സുഗമമായി നടന്നിരുന്ന ഇടപ്പള്ളി തോട് ഇന്ന് ഏതാണ്ട് അപ്രത്യക്ഷമായി. കനാലുകളിലെ നീരൊഴുക്ക് തടസപ്പെടുത്തിയതിൽ റെയിൽവേയുടെ പങ്കും ചെറുതല്ല.

എല്ലാത്തിനുമുപരിയായി ഓരോ വർഷവും സമുദ്രനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടെ ശരാശരി 26 സെന്റിമീറ്റർ എങ്കിലും സമുദ്രനിരപ്പ് ഉയർന്നിട്ടുണ്ടെന്നാണ് തീരദേശത്ത് താമസിക്കുന്നവരുടെ അനുഭവം. അതുകൊണ്ട് കൊച്ചി കോർപ്പറേഷൻ മാത്രം വിചാരിച്ചാൽ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനാവില്ല. എല്ലാ സർക്കാർ വകുപ്പുകളും കെ.എം.ആർ.എൽ, സി.എസ്.എം.എൽ, ജി.സി.ഡി.എ തുടങ്ങിയ വിവിധ ഏജൻസികളും ഏകോപിച്ച് പ്രവർത്തിക്കാതെ കൊച്ചി കരകയറില്ലെന്നാണ് സമീപകാല സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നത്.

 മഴക്കാലപൂർവ

ശുചീകരണത്തിന് ഫണ്ട് ഇല്ല

ഓരോ മഴക്കാലത്തും നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുമെന്നുമാണ് കോർപ്പറേഷന്റെ അവകാശവാദം. അതിനുവേണ്ടി കോടി​കൾ ചെലവഴിക്കുന്നുമുണ്ട്. എന്നാൽ 2022 -23 സാമ്പത്തിക വർഷത്തിൽ ഡെങ്കി പ്രതിരോധം, മഴക്കാല പൂർവ്വശുചീകരണം എന്നിവയ്ക്കായി ഇതുവരെ 14 ഡിവിഷനുകളിൽ മാത്രമാണ്

ഫണ്ട് അനുവദിച്ചതെന്ന് മട്ടാഞ്ചേരി സ്വദേശിയ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 60 ഡിവിഷനുകൾക്ക് ഇനിയും ഫണ്ട് അനുവദിച്ചിട്ടില്ല. 40,000 രൂപയാണ് ഒരുഡിവിഷന് അനുവദിക്കുന്നത്.