ചോറ്റാനിക്കര : എസ്.എൻ.ഡി.പി യോഗം മുളന്തുരുത്തി 1929-ാം ശാഖയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 10 വരെ ശ്രീനാരായണ ഗുരുദേവ ജയന്തി മഹാമഹം സംഘടിപ്പിക്കും. മഹാമഹത്തിനോട് അനുബന്ധിച്ച് ഗുരുദേവ സങ്കീർത്തന യാത്രയും ഗുരുദേവ രഥ പര്യടനവും വർണ്ണജ്വല ചതയം തിരുനാൾ ഘോഷയാത്രയും നടക്കും.
ഒമ്പതിന് യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രാഹുൽ രാജു, അരുൺദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള രഥ ഘോഷയാത്ര ശ്രീനാരായണ ഗുരുദേവ വിശ്വധർമ്മ ക്ഷേത്രത്തിൽ നിന്ന് നിരവധി വാഹനങ്ങളുടെയും ഗായകസംഘത്തിന്റെയും അകമ്പടിയോടുകൂടി ആരംഭിച്ച് നിരവധി സ്ഥലങ്ങളിൽ പര്യടനം നടത്തി വൈകിട്ട് ഏഴുമണിക്ക് കോരംകോട്ട് നട വഴി ശാഖയിൽ എത്തിച്ചേരും . പത്തിന് വർണോജ്വലമായ ചതയം തിരുനാൾ ഘോഷയാത്ര സി.പി ഉദയഭാനു( സീനിയർ അഡ്വക്കേറ്റ് കേരള ഹൈക്കോടതി) ഫ്ലാഗ് ഓഫ് ചെയ്യും.
നിരവധി നാടൻ കലാരൂപങ്ങൾ നിശ്ചല ദൃശ്യങ്ങൾ ഗായകസംഘം എന്നിവയുടെ അകമ്പടിയോടുകൂടി ശ്രീനാരായണ ഭക്തർ പങ്കെടുക്കുന്ന ചതയം തിരുനാൾ ഘോഷയാത്ര ശ്രീനാരായണഗുരുദേവ വിശ്വധർമ്മ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് മെയിൻ റോഡിലൂടെ പള്ളിത്താഴം മുളന്തുരുത്തി ടി.കെ. മാധവൻ നഗർ ചുറ്റി തിരിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന സമ്മേളനം മേയർ അഡ്വ. എം. അനിൽകുമാർഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, പി.എസ്. ഷാജി, ഉല്ലാസ്, മുളന്തുരുത്തി എസ് .എച്ച്.ഒ ഷിജു, ഈജി ബാബു, സജി മുളന്തുരുത്തി, ശ്രീനിധി ശിവൻ എന്നിവർ പങ്കെടുക്കും. സമ്മാനദാനവും പ്രസാദ ഊട്ടോടുകൂടി ജയന്തി മഹാ മഹത്തിന് സമാപനമാവും.