gurudevan

പറവൂർ: ശ്രീനാരായണ ജയന്തിയാഘോഷങ്ങൾക്കൊരുങ്ങി​ പറവൂർ നഗരം. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ പത്തിന് നടക്കുന്ന ജയന്തിദിനഘോഷയാത്രയിൽ യൂണിയന് കീഴിലെ 72 ശാഖായോഗങ്ങളിൽ നിന്നുള്ള 20,000ലധികം ശ്രീനാരായണീയർ പങ്കെടുക്കും. ജി​ല്ലയി​ലെ ഏറ്റവും വി​പുലമായ ജയന്തിയാഘോഷം നടക്കുന്നത് പറവൂരി​ലാണ്. അക്ഷരാർത്ഥത്തി​ൽ നഗരം അന്ന് പീതസാഗരമാകും.

വൈകിട്ട് മൂന്നിന് യൂണിയൻ ഓഫീസിൽ നിന്ന് ഭാരവാഹികളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഘോഷയാത്ര ചേന്ദമംഗലം കവലയിൽ നിന്ന് പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ എത്തുന്നതോടെ ശാഖായോഗങ്ങൾ ഒന്നൊന്നായി ഘോഷയാത്രയിൽ അണിചേരും. കെ.എം.കെ കവല, മുനിസിപ്പൽ കവല, കച്ചേരിപ്പടി, ചേന്ദമംഗലം കവല വഴി ഘോഷയാത്ര നഗരംചുറ്റി സമ്മേളനവേദിയായ യൂണിയൻ ഓഡിറ്റോറിയത്തിൽ എത്തിച്ചേരും. നറുക്കെടുപ്പിലൂടെയാണ് ശാഖായോഗങ്ങൾക്ക് ഘോഷയാത്രയിൽ മുൻഗണനാക്രമം നിശ്ചയിക്കുന്നത്. വാദ്യമേളങ്ങളും കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് പകിട്ടേകും. നഗരവീഥികളിലെ വ്യാപാര സ്ഥാപനങ്ങൾ ഘോഷയാത്രയെ വരവേൽക്കാൻ പീതവർണ്ണങ്ങളാൽ അലങ്കൃതമാകും. ഘോഷയാത്രയുമായി ബന്ധപ്പെട്ട് നിരവധി സമ്മാനങ്ങൾ യൂണിയൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഘോഷയാത്ര കടന്നുപോകുന്ന വീഥി​കളുടെ ഇരുവശങ്ങളും പീതപതാകകളും തോരണങ്ങളും നി​റഞ്ഞു കഴി​ഞ്ഞു. വൈകിട്ട് അഞ്ചരയ്ക്ക് ജയന്തി സമാപനസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വിശിഷ്ട വ്യക്തികളെ ആദരിക്കൽ നഗരസഭാ ചെയർപേഴ്സൺ വി.എ.പ്രഭാവതിയും യൂണിയൻതല മത്സരങ്ങളുടെ സമ്മാനദാനവും സ്കോളർഷിപ്പ് വിതരണവും യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഇ.എസ്.ഷീബയും വിധവ - വാർദ്ധക്യ പെൻഷൻ വിതരണം നഗരസഭാ പ്രതിപക്ഷനേതാവ് ടി.വി.നിഥിനും നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി.ബാബു, ഡയറക്ടർ ബോർഡ് അംഗം പി.എസ്. ജയരാജ്. യൂണിയൻ കൗൺസിലർമാരായ കെ.ബി.സുഭാഷ്, വി.എൻ.നാഗേഷ്, ഡി.പ്രസന്നകുമാർ, പെൻഷനേഴ്സ് ഫോറം കേന്ദ്ര ജോയിന്റ് സെക്രട്ടറി ഐഷ രാധാകൃഷ്ണൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ സമിതി പ്രസിഡന്റ് അഡ്വ. പ്രവീൺ തങ്കപ്പൻ തുടങ്ങിയവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി ഹരി വിജയൻ സ്വാഗതവും യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഓമന നന്ദിയും പറയും.