ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ നേതൃത്വത്തിലെ 168 -ാം ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷങ്ങളുടെ ഭാഗമായി പത്തിന് ആലുവയിൽ ജയന്തിമഹാഘോഷയാത്ര നടക്കും. വൈകിട്ട് മൂന്നിന് തോട്ടക്കാട്ടുകര (ഡോ. പൽപ്പു നഗർ)യിൽ നിന്നാരംഭിക്കുന്ന റാലി ബൈപ്പാസ്, ബാങ്ക് കവല, പാലസ് റോഡ് വഴി അദ്വൈതാശ്രമത്തിൽ സമാപിക്കും. തുടർന്ന് അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ജയന്തി സന്ദേശം നൽകും.
യൂണിയന് കീഴിലുള്ള 61 ശാഖകളും പ്രത്യേകം ബാനറുകളിൽ ഘോഷയാത്രയിൽ അണിനിരക്കും. താളമേളങ്ങൾ, കാവടി, പൂത്താലം, യൂണിഫോം ധാരികൾ, ടാബ്ളോ, പ്രച്ഛന്നവേഷം എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകും. ശാഖകളെ നാല് വിഭാഗങ്ങളായി തിരിച്ച് കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിന് യൂണിയൻ സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ മത്സരാവേശത്തോടെയാണ് ശാഖകൾ അംഗങ്ങളെ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നത്. ഘോഷയാത്ര ആകർഷകമാക്കുന്നതിനും പ്രത്യേകം സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയെ തുടർന്നുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇക്കുറി ജയന്തി മഹാഘോഷയാത്ര നടക്കുന്നത്. മുൻകാലങ്ങളിൽ നഗരം ചുറ്റിയാണ് ഘോഷയാത്ര നടത്തിയിരുന്നതെങ്കിൽ ഇക്കുറി ദേശീയപാതയിൽ നിന്ന് തുടങ്ങി അദ്വൈതാശ്രമത്തിൽ അവസാനിക്കുകയാണ്.
18ന് ആലുവ എസ്.എൻ.ഡി.പി സ്‌കൂളിൽ ജയന്തിയാഘോഷങ്ങളുടെ സമാപന സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ജയന്തി ആഘോഷങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ശാഖകൾക്കും പോഷക സംഘടനകൾക്കുമുള്ള സമ്മാന വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടക്കും. പ്രസിഡന്റ് വി.സന്തോഷ് ബാബു അദ്ധ്യക്ഷത വഹിക്കും. യോഗം പ്രസിഡന്റ് ഡോ. എം.എൻ.സോമന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ സ്വാമി ധർമ്മചൈതന്യ മുഖ്യാതിഥിയായിരിക്കും. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയർമാൻ എം.ഒ.ജോൺ സമ്മാനം വിതരണം നിർവഹിക്കും. യൂണിയൻ സെക്രട്ടറി എ.എൻ.രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്.സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് അംഗങ്ങളായ വി.ഡി.രാജൻ, ടി.എസ്.അരുൺ, പി.പി.സനകൻ എന്നിവർ സംസാരിക്കും.