
നെടുമ്പാശേരി: അടുവാശേരി തടിക്കക്കടവ് പാലത്തിൽ തെരുവുവിളക്ക് കാലിൽ ട്യൂബ് സെറ്റ് ഒടിഞ്ഞുതൂങ്ങിയിട്ട് ആഴ്ച്ചകൾ പിന്നിട്ടിട്ടും നടപടിയില്ല. സോളാർ ലൈറ്റുകൾ തകരാറിലായി പാലം ഇരുട്ടിലായതോടെ കരുമാല്ലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു മാസം മുമ്പാണ് ഇവിടെ പകരം വഴിവിളക്കുകൾ സ്ഥാപിച്ചത്.
പാലത്തിന് സമീപത്തെ വൈദ്യുതി പോസ്റ്റിൽ നിന്ന് ലൈൻ വലിച്ച് പാലത്തിന്റെ കിഴക്കുഭാഗത്ത് ട്യൂബ് ലൈറ്റുകൾ സ്ഥാപിക്കുകയായിരുന്നു. എട്ട് ട്യൂബ് ലൈറ്റുകളാണ് ഇത്തരത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ഇത് ജനങ്ങൾക്ക് വളരെയേറെ ഉപകാരപ്രദമാകുകയും ചെയ്തു. ഇതിൽ പാലം തുടങ്ങുന്ന ഭാഗത്തുള്ള ട്യൂബ് ലൈറ്റാണ് ഒടിഞ്ഞുതൂങ്ങിയത്. ഇരുമ്പ് പൈപ്പിൽ നിന്ന് വേർപെട്ട് ട്യൂബ് സെറ്റ് ഫ്രെയിം അടക്കം വയറിൽ തൂങ്ങിക്കിടക്കുകയാണ്. ചെറിയ കാറ്റിൽ പോലും ഇത് ആടിയുലയുകയാണ്.
വയറിൽ നിന്ന് ട്യൂബ് സെറ്റിന്റെ ബന്ധം വിട്ടാൽ ഏതു സമയവും നിലം പൊത്താവുന്ന നിലയിലാണ്. ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. കരാറുകാരൻ എത്തിയിട്ടില്ലെന്നാണ് പറയുന്നത്. അപകടം സാധ്യത തിരിച്ചറിയാതെയാണ് പലരും ഇതുവഴി നടന്നുനീങ്ങുന്നത്. ആൾ സഞ്ചാരമുള്ള ഏതെങ്കിലും സമയത്ത് ട്യൂബ് സെറ്റ് താഴേയ്ക്ക് പതിച്ചാൽ അത് വൻ ദുരന്തത്തിന് വഴിവെയ്ക്കും.