swami-dharmachaithanya

ആലുവ: ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ലോകം മുഴുവൻ വ്യാപിക്കുന്നത് അത്ഭുതാവഹമായ വേഗത്തിലാണെന്ന് അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ നൂറ് സന്ദേശങ്ങൾ ദൈവദശകം കൂട്ടായ്മ ലോകം മുഴുവൻ പ്രചരിപ്പിക്കുന്ന പദ്ധതിയുടെ ബ്രോഷർ അദ്വൈതാശ്രമത്തിൽ പ്രകാശിപ്പിക്കുകയായിരുന്നു സ്വാമി. നോബൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോർ യുഗപുരുഷൻ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചതിന്റെ ശതാബ്ദി വർഷത്തോടനുബന്ധിച്ചാണ് 100 ഗുരുസന്ദേശങ്ങളും പ്രചരിപ്പിക്കുന്നത്.

ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് മൊഴിമാറ്റിയ കൃതി ദൈവദശകമാണ്.
ഗുരുവിന്റെ ഓരോ വചനങ്ങളും പ്രപഞ്ച സത്യങ്ങൾ ഉള്ളടങ്ങിയവയാണ്. ഗുരുദർശനത്തിലേക്കുള്ള ചൂണ്ടുപലകകളാണവ. അനുകമ്പയ്ക്ക് കൂടി തുല്യ സ്ഥാനം നൽകിയ ഗുരു വിശ്വ മാനവ ദർശനമാണ് അവതരിപ്പിച്ചത്. ഗുരു സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ദൈവദശകം കൂട്ടായ്മയുടെ പദ്ധതി ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടിയുള്ള കാൽവെപ്പ് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ദൈവദശകം കൂട്ടായ്മ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ചേർന്നാണു ഗുരു സന്ദേശം പ്രചരിപ്പിക്കുന്നത്. ദൈവദശകം
കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്.സ്വാമിനാഥൻ, പി.എസ്. ഓംകാർ, ശശി തൂമ്പായിൽ, കെ.സി.സ്മിജൻ, നജീബ് പി. മുഹമ്മദ്, ഹരിഷ്മ എന്നിവർ സംസാരിച്ചു.