
കാലടി: മാണിക്യമംഗലം സായീശങ്കര ശാന്തികേന്ദ്രത്തിൽ വയോജനങ്ങളായ അന്തേവാസികളോടൊപ്പം ഓണം ആഘോഷിക്കാൻ വിവിധ സ്ഥാപനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ഓണപ്പാട്ടും തുമ്പിതുള്ളലും ഓണക്കളികളുമായി നിരവധി പേരെത്തി. കിടപ്പ് രോഗികൾ ഉൾപ്പെടെ 80ന് മുകളിൽ വരുന്ന വയോജനങ്ങളാണ് ഇവിടെ താമസിക്കുന്നത്.
അങ്കമാലിയിലെ ശ്രേയസ് ഐ.ടി സൊലൂഷൻസ് എന്ന സ്ഥാപനത്തിലെ ജീവനക്കാർ ചേർന്ന് കൂറ്റൻ പൂക്കളമൊരുക്കുകയും അന്തേവാസികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. ആലുവ കടുങ്ങല്ലൂർ എ.എം.എ സ്‌കൂൾ വിദ്യാർത്ഥികളുടെ സംഘം നാടൻപാട്ടുമായെത്തി അന്തേവാസികളോടൊപ്പം പൂക്കളമൊരുക്കുകയും പുതുവസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു. വേങ്ങൂർ സുപ്രിയ, പ്രീതി എന്നിവരുടെ നേതൃത്വത്തിലെത്തിയ കുട്ടികളുടെ സംഘം ഓണപ്പാട്ടുകളും ഓണക്കളികളുമൊരുക്കി. അത്തം മുതൽ ഉത്രാടം വരെയുള്ള എല്ലാ ദിവസവും ഇവിടെ ഓണപ്പൂക്കളവും ഓണസദ്യയുമുണ്ടായിരുന്നു. തിരുവോണം, അവിട്ടം ദിവസങ്ങളിലും അന്തേവാസികൾക്കായി വിവിധ മത്സരങ്ങൾ നടത്തുമെന്ന് ഡയറക്ടർ പി.എൻ.ശ്രീനിവാസൻ പറഞ്ഞു.