
മൂവാറ്റുപുഴ: ഗുരുദേവ ജയന്തി മഹാഘോഷയാത്രയും ജയന്തി മഹാസമ്മേളനവും മൂവാറ്റുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടക്കും. ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. യൂണിയന് കീഴിലെ 31 ശാഖകളിലും ജയന്തിയാഘോഷം നടക്കും. ഉച്ചയ്ക്ക് പ്രസാദ ഊട്ടോടുകൂടി ശാഖകളിലെ ജയന്തിയാഘോഷങ്ങൾക്ക് സമാപനമാകും. തുടർന്ന് 31 ശാഖകളിൽ നിന്നായി ആയിരക്കണക്കിന് ശ്രീനാരായണീയർ മൂവാറ്റുപുഴ 130 ജംഗ്ഷനിൽ ഒത്തുകൂടിയശേഷം ആരംഭിക്കുന്ന ജയന്തി മഹാഘോഷയാത്രയ്ക്ക് യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ.അനിൽകുമാർ, വൈസ് പ്രസിഡന്റ് പി.എൻ.പ്രഭ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. എൻ.രമേശ്, പ്രമോദ് കെ.തമ്പാൻ എന്നിവർ നേതൃത്വം നൽകും. വർണ്ണോജ്വലമായ ജയന്തി ഘോഷയാത്ര പി.ഒ. ജംഗ്ഷൻ, കച്ചേരിത്താഴം, നെഹ്രു പാർക്ക് ചുറ്റി ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രാങ്കണത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന മഹാജയന്തിസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ സ്വാഗതം പറയും. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ചതയദിന സന്ദേശം നൽകും. വിദ്യാഭ്യാസ അവാർഡ് വിതരണം നഗരസഭ ചെയർമാൻ പി.പി.എൽദോസ് നിർവഹിക്കും.