ja
ജയൻ.എൻ. ശങ്കരൻ റെക്കോർഡിങ് സ്റ്റുഡിയോയിൽ .

കുറുപ്പംപടി: ദേവചൈതന്യ മുണർത്തുന്ന അലയാഴിതന്നാഴങ്ങളിലിറങ്ങി ജീവചൈതന്യത്തിന്റെ മുത്തും പവിഴവും വാരിക്കൂട്ടാൻ, ആത്മബോധത്തിന് ഊർജം പകരാൻ നൂറ്റി അറുപത്തി എട്ടാമത് ശ്രീനാരായണ ഗുരു ജയന്തിയോടനനുബന്ധിച്ചുള്ള ദിവ്യജ്യോതി പര്യടനമിതാ ഈ വഴിത്താരയെ ധന്യമാക്കി കടന്നു വരുന്നു. ആലുവയിലും മൂവാറ്റുപുഴയിലുമൊക്കെയായി​ സന്ദേശ പ്രചരണ ജ്യോതി പര്യടന വാഹനത്തിന് ഏറ്റവും മുന്നിലെ വാഹനത്തിൽ നിന്നും ഉയർന്നു കേൾക്കുന്ന ശബ്ദം കാലടിയുടെ ശബ്ദം എന്നറിയപ്പെടുന്ന ജയൻ .എൻ. ശങ്കരന്റെയാണ്.

കൂത്താട്ടുകുളത്തും കുന്നത്തുനാട്ടിലും വൈക്കത്തും കൊല്ലത്തും കേരളക്കരയിൽ വിവിധ ശാഖകളിലെല്ലാം ജയന്തി ആഘോഷ പ്രചാരണ വാഹനങ്ങളിൽ നിന്നെല്ലാം ഉയർന്നു കേൾക്കുന്നത് ഇദ്ദേഹത്തി​ന്റെ ശബ്ദമാണ്.

കഴിഞ്ഞ പഞ്ചായത്ത് തി​രഞ്ഞെടുപ്പിലും നിയമസഭാ തി​രഞ്ഞെടുപ്പിലും ഏറ്റവും കൂടുതൽ അനൗൺസ്മെൻ്റുകൾ ചെയ്ത് വാർത്തകളിൽ നിറഞ്ഞയാളാണ് ജയൻ. പ്രസിദ്ധമായ ചേലാമറ്റം ക്ഷേത്രത്തിലും തോട്ടുവ ധന്വന്തരി ക്ഷേത്രത്തിലും ചേരാനെല്ലൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലും ദർശനത്തിനെത്തിയാൽ അവിടെ ക്ഷേത്രാചാരങ്ങളും മറ്റും നി​ത്യേന ഉയർന്ന് കേൾക്കുന്നത് ജയന്റെ ശബ്ദത്തി​ലാണ്.

ജയൻ തന്നെ എഴുതി തയ്യാറാക്കുന്ന വരികളാണ് റെക്കാഡ് ചെയ്യുന്നത്. ഏറെ ഭക്തി​രസപ്രധാനമായ വരി​കൾ ഏറെ ജനകീയമാണെന്ന് തെളി​യി​ച്ച് ഒട്ടേറെ ക്ഷേത്രങ്ങളും പള്ളി​കളും ഇദ്ദേഹത്തെ സമീപി​ക്കുന്നു.

കാലടി എസ്.എൻ. ഡി.പി ശാഖ പ്രസിഡന്റായും കുന്നത്തുനാട് യൂണിയൻ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട് ജയൻ. കുന്നത്തുനാട്, വൈക്കം യൂണിയനുകളുടെ ശിവഗിരി തീർത്ഥാടന പദയാത്രകൾക്ക് മുൻപിൽ ശബ്ദസാന്നി​ദ്ധ്യമാകാൻ കഴി​ഞ്ഞത് ഗുരുവി​ന്റെ അനുഗ്രഹം കൊണ്ടാണെന്ന് വി​ശ്വസി​ക്കുന്നു ജയൻ.

കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണൻ എല്ലാ പിൻതുണയും നൽകി കൂടെയുണ്ട്. മഞ്ഞപ്ര കെ. എസ്. ഇ.ബി യിൽ എസ്. എ കോൺട്രാക്ടറായ വിജിയാണ് ഭാര്യ. മാണിക്കമംഗലം പുളിയേലിപ്പടിയിലാണ് താമസം. മക്കളായ ജവീൺ, ജനിൻ കാനഡയിൽ പഠനത്തോടൊപ്പം ജോലി ചെയ്യുന്നു.