laity
ലെയ്റ്റി വേയ്‌സ്

കൊച്ചി: ക്രൈസ്തവസ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുന്ന തീവ്രവാദ അജണ്ടകൾ ഉറക്കത്തിലായ സഭാനേതൃത്വവും വിശ്വാസികളും കാണാതെ പോകുന്നതായി വിമർശനം. ആർക്കും കൊട്ടാവുന്ന ചെണ്ടയും തട്ടിക്കളിക്കാവുന്ന പന്തുമായി കേരളത്തിലെ ക്രൈസ്തവസമൂഹം അധ:പതിക്കുമ്പോഴും സഭാസംവിധാനങ്ങൾ നിഷ്ക്രിയമാണെന്നും ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ദേശീയ സമിതി പ്രസിദ്ധീകരണമായ 'ലെയ്റ്റി വോയ്‌സ് " ആരോപിച്ചു.

കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഒഫ് ഇന്ത്യയുടെ ലെയ്റ്റി കൗൺസിൽ സെക്രട്ടറിയും മാസികയുടെ ചീഫ് എഡിറ്ററുമായ ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ പുതിയ ലക്കത്തിൽ എഴുതിയ മുഖപ്രസംഗത്തിലാണ് രൂക്ഷവിമർശനങ്ങൾ.

ക്രൈസ്തവസഭകൾക്കുള്ളിലും സഭകൾ തമ്മിലുമുള്ള ഭിന്നതയും വെല്ലുവിളികളും കാലങ്ങളായി തുടരുകയാണ്. കുർബാനയുടെ പേരിൽ വിശ്വാസികൾ തെരുവിലിറങ്ങുന്നതും ഇറക്കുന്നതും നിയന്ത്രിക്കാനും നിരോധിക്കാനും സഭാസംവിധാനങ്ങൾക്ക് കഴിയുന്നില്ല. പരസ്പരസ്നേഹവും ഐക്യവും യോജിപ്പില്ലായ്മയും അനുസരണക്കേടും സൃഷ്ടിക്കുന്ന ജീർണത സഭകളുടെ അടിത്തറയിളക്കും.

സഭയിലെ ആഭ്യന്തരപ്രശ്നങ്ങൾ പൊതുസമൂഹത്തിൽ ക്രൈസ്തവർക്കുണ്ടായിരുന്ന നിലയും വിലയും സ്വാധീനവും പിന്തുണയും നഷ്ടപ്പെടുത്തി. സമുദായത്തെ മൂലയ്ക്കിരുത്താൻ ഇതരസമുദായങ്ങൾക്കും രാഷ്ട്രീയ, ഭരണ നേതൃത്വങ്ങൾക്കും കഴിഞ്ഞു. അതിനുത്തരവാദികൾ വിശ്വാസികളല്ല, നേതൃത്വത്തിലെ അനൈക്യവും കൃസ്തീയമൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചതുമാണ്.

സഭാനേതൃത്വങ്ങൾ മാറാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലും സിറിയയും ഇറാക്കും കശ്‌മീരും ആവർത്തിക്കും. അതിന്റെ ഏറ്റവും വലിയ ഇരകൾ ക്രൈസ്തവരായിരിക്കും. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഇരകളും വിതരണക്കാരുമായി ക്രൈസ്തവ പെൺകുട്ടികൾ മാറിയ സംഭവങ്ങൾ വർദ്ധിക്കുകയാണ്. ഇത്തരം അനുഭവങ്ങൾ കൺമുമ്പിലുണ്ടായിട്ടും അവഗണിക്കപ്പെടുകയാണ്.

കുറയുന്ന ജനനനിരക്ക്, ഉയരുന്ന മരണനിരക്ക്, നഷ്ടപ്പെടുന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികൾ, സഭയ്ക്കുള്ളിലെ എതിർപ്പുകൾ, കേരളം വിടുന്ന യുവാക്കൾ, ഭരണ രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് പുറന്തള്ളപ്പെടൽ, ഉദ്ദേശശുദ്ധിയും ലക്ഷ്യബോധവും നഷ്ടപ്പെട്ട സഭാ സ്ഥാപനങ്ങൾ, സഭയിൽ നിന്നകലുന്ന വിശ്വാസികൾ എന്നിവ സൃഷ്ടിക്കുന്ന ഭീഷണി അതിരൂക്ഷമാണ്. ആധുനിക കാലഘട്ടത്തിനനുസരിച്ച് മാറാൻ തയ്യാറായില്ലെങ്കിൽ ക്രൈസ്തവസമൂഹം ഇനിയും പിന്നോട്ടടിക്കും. സംരക്ഷിക്കാൻ ആരുമില്ലാത്ത ദുർവിധിയെ നേരിടുകയാണ് ക്രൈസ്തവസമൂഹമെന്ന് ലേഖനത്തിൽ പറയുന്നു.