ആലുവ: 168-ാം ശ്രീനാരായണ ഗുരുദേവ ജയന്തിയുടെ ഭാഗമായി ആലുവ അദ്വൈതാശ്രമത്തിൽ ഇന്ന് പ്രത്യേക പൂജകൾ നടക്കുമെന്ന് സ്വാമി ധർമ്മ ചൈതന്യ അറിയിച്ചു. പുലർച്ചെ 5.30ന് മേൽശാന്തി പി.കെ. ജയന്തന്റെ നേതൃത്വത്തിൽ പ്രഭാത പൂജയോടെ ചടങ്ങുകൾ ആരംഭിക്കും.

6.15ന് ഗുരുദേവ ജയന്തി പൂജ, 6.30ന് ശാന്തിഹോമം, എട്ടിന് ധ്വജാരോഹണം, തുടർന്ന് ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടക്കും. പത്തിന് ആരംഭിക്കുന്ന സത്സംഗത്തിന് സ്വാമി ധർമ്മചൈതന്യ, സ്വാമി പ്രബോധതീർത്ഥ, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ.രാമചന്ദ്രൻ, നാരായണഋഷി, ജയന്തൻ ശാന്തി, കെ.എം.സുധാകരൻ എന്നിവർ നേതൃത്വം നൽകും. ഉച്ചയ്ക്ക് 12.30ന് ഗുരുപൂജ, വൈകിട്ട് അഞ്ചിന് തിരുജയന്തി സന്ദേശം, 6.30ന് ദീപാരാധന, ആരതി, 6.45ന് സമൂഹപ്രാർത്ഥന എന്നിവ നടക്കും.

മഞ്ഞപ്പട്ടുടുത്ത് ആലുവ

ആലുവ: ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ ഇന്ന് സംഘടിപ്പിച്ചിട്ടുള്ള ജയന്തി മഹാഘോഷയാത്രയെ വരവേൽക്കാൻ നഗരം മഞ്ഞപ്പട്ടുടുത്തു കഴിഞ്ഞു. ദേശീയപാതയിൽ പറവൂർ കവല മുതൽ തോട്ടക്കാട്ടുകര, ബൈപ്പാസ്, ബാങ്ക് കവല, പാലസ് റോഡ് വഴി അദ്വൈതാശ്രമം വരെ പീതപതാകകൾ പാറുകയാണ്.

വൈകിട്ട് മൂന്നിന് തോട്ടക്കാട്ടുകര കവലയിൽ നിന്നുമാണ് ഘോഷയാത്ര ആരംഭിക്കുന്നത്. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. 61 ശാഖകളിൽ നിന്നുള്ള പ്രവർത്തകരും പ്രത്യേകം ബാനറിന് കീഴിലായി അണിനിരക്കും. ഘോഷയാത്ര കടന്നുപോകുന്ന വഴികൾ മഞ്ഞക്കടലായി മാറും. ഘോഷയാത്ര സമാപിക്കുന്ന അദ്വൈതാശ്രമത്തിൽ ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ജയന്തി സന്ദേശം നൽകും.