gurudevan

പറവൂർ: ശ്രീനാരായണ ജയന്തി​ ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ ജയന്തിദിന ഘോഷയാത്രയും ജയന്തി സമാപന സമ്മേളനവും ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് യൂണിയൻ ഓഫീസിൽ നിന്ന് ഭാരവാഹികളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഘോഷയാത്ര ചേന്ദമംഗലം കവലയിൽ നിന്ന് പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ എത്തുന്നതോടെ യൂണിയന്റെ കീഴിലെ 72 ശാഖായോഗങ്ങൾ ഒന്നൊന്നായി ഘോഷയാത്രയിൽ അണിചേരും. പോഷകസംഘടനകളും ശാഖായോഗങ്ങളും വ്യത്യസ്ത ബാനറിൽ പങ്കെടുക്കും. കെ.എം.കെ കവല, മുനിസിപ്പൽ കവല, കച്ചേരിപ്പടി, ചേന്ദമംഗലം കവല വഴി ഘോഷയാത്ര നഗരംചുറ്റി സമ്മേളനവേദിയായ യൂണിയൻ ഓഡിറ്റോറിയത്തിൽ എത്തിച്ചേരും. വാദ്യമേളങ്ങളും കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് പകിട്ടേകും. വൈകിട്ട് അഞ്ചരയ്ക്ക് ജയന്തി സമാപനസമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സി.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വിശിഷ്ട വ്യക്തികളെ ആദരിക്കൽ നഗരസഭാ ചെയർപേഴ്സൺ വി.എ.പ്രഭാവതിയും യൂണിയൻതല മത്സരങ്ങളുടെ സമ്മാനദാനവും സ്കോളർഷിപ്പ് വിതരണവും യോഗം കൗൺസിലറും വനിതാസംഘം കേന്ദ്ര സമിതി വൈസ് പ്രസിഡന്റുമായ ഇ.എസ്.ഷീബയും വിധവ-വാർദ്ധക്യ പെൻഷൻ വിതരണം നഗരസഭാ പ്രതിപക്ഷനേതാവ് ടി.വി.നിഥിനും നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി.ബാബു, ഡയറക്ടർ ബോർഡ് അംഗം പി.എസ്. ജയരാജ്. യൂണിയൻ കൗൺസിലർമാരായ കെ.ബി.സുഭാഷ്, വി.എൻ.നാഗേഷ്, ഡി.പ്രസന്നകുമാർ, പെൻഷനേഴ്സ് ഫോറം കേന്ദ്ര ജോയിന്റ് സെക്രട്ടറി ഐഷ രാധാകൃഷ്ണൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സമിതി പ്രസിഡന്റ് അഡ്വ. പ്രവീൺ തങ്കപ്പൻ തുടങ്ങിയവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി ഹരി വിജയൻ സ്വാഗതവും യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഓമന നന്ദിയും പറയും.

---------------------------------------

എച്ച്.എം.ഡി.പി സഭയിൽ

വടക്കേക്കര ഹിന്ദുമത ധർമ്മ പരിപാലന സഭയുടെ നേതൃത്വത്തിൽ ശ്രീനാരായണ ജയന്തിയാഘോഷം ഇന്ന് നടക്കും. ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നിർവഹിച്ച മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ രാവിലെ 6.15ന് വിശേഷാൽപൂജ, 6.30ന് ഗുരുദേവ മണ്ഡപത്തിൽ വിശേഷാൽപൂജ, 9ന് ഘോഷയാത്ര, 10ന് ജയന്തിദിന സമ്മേളനത്തിൽ പൂത്തോട്ട കെ.പി.എം.വി ഹയർ സെക്കൻഡറി സ്കൂളിലെ അഖിൽ വിനോദ്, മാല്യങ്കര എസ്.എൻ.എം കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എച്ച്.ജിത എന്നിവർ പ്രഭാഷണം നടത്തും. സഭാ പ്രസിഡന്റ് ഇ.പി.സന്തോഷ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഡി.സുനിൽകുമാർ, ആഘോഷ കമ്മിറ്റി കൺവീനർ ഒ.എസ്.അജിത്ത് കുമാർ എന്നിവർ സംസാരിക്കും.

----------------------------------------------------

ഈഴവ സമാജത്തിൽ

പറവൂർ ഈഴവ സമാജത്തിന്റെ ജയന്തിയാഘോഷം പറവൂത്തറ കുമാരമംഗലം ക്ഷേത്രത്തിലും പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലുമായി നടക്കും. ക്ഷേത്രാങ്കണത്തിലെ ഗുരുമണ്ഡപത്തിൽ ഗുരുപൂജ, സമൂഹ പ്രാർത്ഥന, പ്രസാദഊട്ട്, വൈകിട്ട് ദീപക്കാഴ്ച എന്നിവയുണ്ടാകും. മേൽശാന്തി എ.കെ.ജോഷി ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. പുല്ലംകുളം സ്കൂളിലെ ഗുരുമണ്ഡപത്തിൽ രാവിലെ പ്രാർത്ഥന,​ 8.30ന് സമൂഹ പ്രാർത്ഥന, മധുരപലഹാരവിതരണം, ചേന്ദമംഗലം കവലയിലെ ഈഴവ സമാജം ഷോപ്പിംഗ് കോംപ്ളക്സിൽ ചതയദിനാഘോഷവും ദീപാലങ്കാരവും നടക്കും. പ്രസിഡന്റ് പി.ആർ. കാന്തൻ, സെക്രട്ടറി എം.കെ.സജീവൻ എന്നിവർ നേതൃത്വം നൽകും.

------------------------------------------------------------------

ഗുരുദേവ സംഘമിത്രയിൽ

പാലാതുരുത്ത് - മുണ്ടുരുത്തി ഗുരുദേവ സംഘമിത്രയുടെ നേതൃത്വത്തിൽ ഗുരുദേവ ജയന്തിദിനാഘോഷം സംഘമിത്ര ഹാളിൽ നടക്കും. പുലർച്ചെ 5ന് വിശേഷാൽപൂജ, 6.15ന് സമൂഹഹോമം, 8 മുതൽ സമൂഹപ്രാർത്ഥന, ഗുരുപുഷ്പാഞ്ജലി, 9.30ന് ചതയദിന സമ്മേളനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഇ.എസ്.ഷീബ ഉദ്ഘാടനം ചെയ്യും. സംഘമിത്ര ചെയർമാൻ കെ.ജെ.മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. മുൻ എം.പി കെ.പി.ധനപാലൻ ചതയദിനസന്ദേശം നൽകും. ഗുരുധർമ്മ പ്രചാരണസഭ മുൻ രജിസ്ട്രാർ എം.വി.മനോഹരൻ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്.സ്വാമിനാഥൻ, സംഘമിത്ര സെക്രട്ടറി എം.എം. പവിത്രൻ, വൈസ് ചെയർമാൻ എം.പി.അനിൽകുമാർ, വാർഡ് അംഗം റീജ ഡേവിസ് എന്നിവർ സംസാരിക്കും.

--------------------------------------------------------------------

കരിമ്പാടം ഡി.ഡി സഭയിൽ

കരിമ്പാടം ധർമ്മാർത്ഥദായിനി സഭയുടെ നേതൃത്വത്തിൽ ചതയദിനാഘോഷം ശ്രീവല്ലീശ്വരി ക്ഷേത്രാങ്കണത്തിലെ ഗുരുമണ്ഡപത്തിൽ നടക്കും. രാവിലെ ഗുരുപൂജ, സമൂഹ പ്രാർത്ഥന എന്നിവ നടക്കും. സഭ പ്രസിഡന്റ് ജീൺ സുധാകൃഷ്ണൻ, സെക്രട്ടറി വി.എം.സുധാകരൻ എന്നിവർ നേതൃത്വം നൽകും.

----------------------------------------

ഗതാഗത നിയന്ത്രണം

പറവൂർ നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി ഏഴ് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പറവൂർ പൊലീസ് അറിയിച്ചു. ഘോഷയാത്ര കടന്നുപോകുന്ന വഴികളിൽ വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. എറണാകുളം ഭാഗത്ത് നിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കെ.എം.കെ ജംഗ്ഷനിൽ നിന്ന് പെരുമ്പടന്ന വഴി വൃന്ദാവൻ സ്റ്രോപ്പ് വഴി കടന്നുപോകണം. കൊടുങ്ങല്ലൂരിൽ നിന്ന് എറണാകുളത്തേക്കുള്ള വാഹനങ്ങൾ ദേശീയപാത അണ്ടിപ്പിള്ളിക്കാവിൽ നിന്ന് തിരിഞ്ഞ് വടക്കുംപുറം വഴി ചേന്ദമംഗലം കവലയിലെത്തി വെടിമറ വഴി ആനച്ചാൽ-വഴിക്കുളങ്ങര ബൈപ്പാസിൽ പ്രവേശിക്കണം.

--------------------------------

വാഹന പാർക്കിംഗ്

പുല്ലംകുളം സ്കൂളിൽ ഘോഷയാത്രക്കാരെ ഇറക്കിയതിനുശേഷം കിഴക്കൻ മേഖലയിലുള്ള വാഹനങ്ങൾ വെടിമറ, നന്തികുളങ്ങര ഭാഗത്തും തെക്കൻ മേഖലയിലുള്ള വാഹനങ്ങൾ പെരുവാരം വഴിക്കുളങ്ങര പുതിയ ദേശീയപാതയിലും വടക്കൻ മേഖലയിലുള്ള വാഹനങ്ങൾ തെക്കേനാലുവഴി, തോന്ന്യകാവ് പ്രദേശത്തും പാർക്ക് ചെയ്യണം.