കൊച്ചി: ഓണക്കാലത്ത് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഒട്ടേറെ സമ്മാനങ്ങൾ നേടാനുള്ള അവസരവുമായി കൊച്ചി മെട്രോ. പൂക്കള മത്സരമുൾപ്പെടെയുള്ള പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച ഇടപ്പള്ളി സ്റ്റേഷനിൽ നടക്കുന്ന പൂക്കള മത്സരത്തിനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 5000, 3000, 2000 രൂപ വീതവും മെട്രോയിൽ 15 ദിവസത്തേക്കുള്ള സൗജന്യ യാത്രയുമാണ് പൂക്കളമത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും 1,000രൂപ ലഭിക്കും. സെപ്തംബർ 12വരെ രജിസ്റ്റർ ചെയ്യാം. ഡിജിറ്റൽ പൂക്കള മത്സരവുമുണ്ട്. മികച്ച പൂക്കള ഡിസൈനുകൾക്ക് 5000, 3000, 2000 രൂപ വീതമാണ് സമ്മാനം. സെപ്റ്റംബർ 25വരെ ഡിസൈനുകൾ അയക്കാം.
മെട്രോ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന വിവിധ വ്യാപാര സ്ഥാപനങ്ങളും യാത്രക്കാർക്കായി ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. 10,11 തീയതികളിൽ മെട്രോയിൽ യാത്ര ചെയ്ത ടിക്കറ്റുകൾ കാണിച്ച് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഇളവുകൾ നേടാം. കൂടുതൽ വിവരങ്ങൾ മെട്രോ വെബ്‌സൈറ്റിൽ.