കോതമംഗലം: ശ്രീനാരായണ ഗുരുദേവന്റെ 168-ാം ജയന്തിയാഘോഷങ്ങൾക്കായി കോതമംഗലം യൂണിയന് കീഴിലെ മുഴുവൻ ശാഖകളിലും വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ പ്രത്യേക പൂജകളും പ്രാർത്ഥനകളോടുംകൂടി ആരംഭിക്കുന്ന ചടങ്ങുകൾക്കുശേഷം 26 ശാഖകളിലും കാവടി, അമ്മൻകുടം, നിശ്ചല ദൃശ്യങ്ങൾ,ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ വർണ്ണോജ്വലമായ ഘോഷയാത്ര നടക്കും. തുടർന്ന് സമ്മേളനവും വിവിധ ദിവസങ്ങളിലായി നടന്ന കലാകായിക പരിപാടികളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിക്കലും നടത്തും. വിവിധ ശാഖകളിൽ നടക്കുന്ന സമ്മേളനങ്ങൾ യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സെക്രട്ടറി പി.എ.സോമൻ, വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, കൗൺസിലർമാരായ പി.വി.വാസു, ടി.ജി അനി തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും.ശാഖാ യോഗം പ്രസിഡന്റുമാർ ചടങ്ങുകൾക്ക് അദ്ധ്യക്ഷത വഹിക്കും.