കോലഞ്ചേരി: മോചനദ്രവ്യം ആവശ്യപ്പെട്ട് നെല്ലാട് ഹരിദേവ് ഫോർമുലേഷൻസ് സ്ഥാപനഉടമ എം.എസ്. രഘുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ തിരുപ്പൂർ കെ.വി.ആർ നഗറിൽ താമസിക്കുന്ന ആണ്ടിപ്പെട്ടി കുമനൻതുളുവിൽ എസ്. പ്രകാശിനെ (41) കുന്നത്തുനാട് പൊലീസ് തിരുപ്പൂരിൽനിന്ന് വ്യാഴാഴ്ച രാത്രി പിടികൂടി. സൗത്ത് ഇന്ത്യൻ ഫോർവേർഡ് ബ്ളോക്ക് തിരുപ്പൂർ ജില്ലാ പ്രസിഡന്റാണ്.
ആയുർവേദ കമ്പനി പുതിയതായി വിപണിയിൽ എത്തിച്ച മരുന്ന് തമിഴ്‌നാട്ടിൽ വിതരണം ചെയ്യുന്നതിന് താത്പര്യമുണ്ടെന്ന് അറിയിച്ച് ഉടമയെ ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ കോയമ്പത്തൂരിലേക്ക് കഴിഞ്ഞ രണ്ടാംതീയതി രാവിലെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വാഹനത്തിൽ ബലമായി കയറ്റി ഫാമിലെത്തിച്ചശേഷം ഉപദ്രവിച്ചു. പിന്നീട് സംഘം ഉടമയുടെ മകനെ വിളിച്ച് 42 ലക്ഷം രൂപ മോചനദ്രവ്യം നൽകിയില്ലെങ്കിൽ പിതാവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. മകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ച് സംഭവദിവസം രാത്രി പൊലീസ് നടത്തിയ ഓപ്പറേഷനിൽ മൂന്നു പ്രതികളെ പിടികൂടി. കൂട്ടാളികളെ പിടികൂടിയത് അറിഞ്ഞ് പ്രകാശ് ഒളിവിൽ പോയി. തുടർന്ന് കുന്നത്തുനാട് പൊലീസ് തമിഴ്‌നാട്ടിൽ ക്യാമ്പ് ചെയ്തുനടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. സമാന സംഭവത്തിൽ ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. പൊലീസ് ഇൻസ്‌പെക്ടറാണെന്നായിരുന്നു ആയുർവേദ കമ്പനി ഉടമയോട് പറഞ്ഞത്. കൊല്ലം, ആലത്തൂർ, തൃശൂർ എന്നിവിടങ്ങളിൽ പ്രകാശിന്റെ പേരിൽ തട്ടിക്കൊണ്ട് പോകലിന് കേസുണ്ട്.
എ.എസ്.പി. അനൂജ് പലിവാൽ, ഇൻസ്‌പെക്ടർ വി.പി.സുധീഷ്, എ.എസ്.ഐ എ.കെ.രാജു, സീനിയർ സി.പി.ഒ പി.എ.അബ്ദുൾ മനാഫ്, സി.പി.ഒമാരായ കെ.എ. സുബീർ, ടി.എ.അഫ്‌സൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്