
പെരുമ്പാവൂർ: ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിലെ പി.എസ്.സി പരിശീലന കേന്ദ്രത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഇവിടെ പരിശീലനം നേടി സർക്കാർ ജോലി ലഭിച്ചവർ ഇത്തവണയും ഒത്തുകൂടി. ഓണപ്പാട്ടും ഓണക്കളികളും ഓണസദ്യയും കഴിഞ്ഞാണ് അവർ മടങ്ങിയത്. രണ്ടരപ്പതിറ്റാണ്ടായി
സൗജന്യമായാണ് വായനശാലയുടെ നേതൃത്വത്തിൽ പി.എസ്.സി പരിശീലനം നടന്നുവരുന്നത്. എം.ബി.രാജൻ, എം.വി.ബാബു,കെ. അനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലന ക്ലാസ്. ഓണാഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളി, ഒക്കൽ ശ്രീനാരായന്ന ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ടി.ടി.സാബു, ഒക്കൽ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് എം.പി.സദാനന്ദൻ, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് ഇവാല്യുവേഷൻ വിഭാഗം ചീഫ് ഡോ.സുനിത, വായനശാല പ്രസിഡന്റ് സി.വി.ശശി എന്നിവർ സംസാരിച്ചു.