road

ആലുവ. തകർന്നുതരിപ്പണമായ എടയപ്പുറം റോഡും പെരുമ്പാവൂർ ദേശസാത്കൃത റോഡും സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കീഴ്മാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആലുവ പി.ഡബ്ളിയു.ഡി സൂപ്രണ്ടിംഗ് എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു. കിൻഫ്രക്ക് കൈമാറിയതിനാൽ പെരുമ്പാവൂർ റോഡിന്റെ അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ ഉദ്യോഗസ്ഥർ കൈയ്യൊഴിഞ്ഞെങ്കിലും എടയപ്പുറം റോഡ് ഒരാഴ്ചയ്ക്കകം അറ്റകുറ്റപ്പണി നടത്താമെന്ന് ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

എടയപ്പുറം റോഡിന്റെ ദുരവസ്ഥ സംബന്ധിച്ച് കഴിഞ്ഞ അഞ്ചിന് 'നടുവൊടിയും യാത്ര' എന്ന തലക്കെട്ടിൽ 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പെരിയാറിൽ നിന്ന് കാക്കനാട് കിൻഫ്രയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് എടയപ്പുറം റോഡ് രണ്ടായി പിളർത്തി ഭീമൻ പൈപ്പുകൾ സ്ഥാപിക്കുന്നത് നാട്ടുകാർ എതിർത്തതോടെയാണ് പദ്ധതി അവതാളത്തിലായത്. ദാഹജലം നൽകുകയല്ല, കച്ചവട താത്പര്യമാണ് പദ്ധതിക്ക് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നേരത്തെ എടയപ്പുറം റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിന് ഒരു കോടി രൂപ അനുവദിച്ചെങ്കിലും കിൻഫ്ര കുടിവെള്ള പദ്ധതിയുടെ പേരിൽ ടാറിംഗ് നീട്ടുകയായിരുന്നു. രണ്ട് പദ്ധതികളും അനിശ്ചിതത്വത്തിലായതോടെ ജനം കടുത്ത ദുരിതത്തിലായി.

പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ രണ്ടാഴ്ച്ച മുമ്പ് 10 ലക്ഷം മുടക്കി അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും മരണക്കുഴികൾ രൂപപ്പെട്ടു.

കുട്ടമശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിനു മുന്നിലെ കുഴിയിൽ വീണ് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികൻ ഇപ്പോഴും ചികിത്സയിലാണ്. നേതാക്കളായ പി.എ.മുജീബ്, പി.ജെ.സുനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ ലിസി സെബാസ്റ്റ്യൻ, സാഹിദ അബ്ദുൽസലാം, ജോസി പി. ആൻഡ്രൂസ്, അബു ചെന്താര, പി.കെ.രമേശ്, കെ.പി.സിയാദ്, ഷിഹാബ് കുഴിക്കാട്ടിൽ, എം.എസ്.പി. സലിം, സി.എസ്.അജിതൻ, കുഞ്ഞുമോൻ പുറത്തുട്ട്, ഷമീർ കല്ലുങ്കൽ, ഇ.കെ.ഹമീദ്, എം.ആർ.അനിൽകുമാർ, കെ.ബി. സദ്ദാം, ഇ.എം. ഇസ്മായിൽ, കാസിം പുല്ലാട്ട് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.