child

കൊച്ചി: ശിശുക്ഷേമ സമിതികളിൽ (ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുഡീഷ്യൽ ബോഡി) ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുമെന്ന സർക്കാരിന്റെ ഉറപ്പ് പാഴ്‌വാക്കായതോടെ സംസ്ഥാനത്തെ സി.ഡബ്ല്യു.സികളുടെ പ്രവർത്തനം കൂടുതൽ അവതാളത്തിലായി. കുട്ടികൾ അതിക്രമങ്ങളിലും പീഡനങ്ങളിലും ഇരയാകുമ്പോൾ ഉടനടി ഇടപെട്ട് അടിയന്തര നടപടികൾ സ്വീകരിക്കേണ്ട ജുഡീഷ്യൽ അധികാരമുള്ള സി.ഡബ്ല്യു.സിക്ക് ഓരോ ജില്ലയിലും അഞ്ച് അംഗ ഭരണ സമിതി ഉണ്ട്. പക്ഷേ, കരാർ നിയമനം ലഭിച്ച ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ മാത്രമാണ് ഏക ജീവനക്കാരൻ. 10 ജീവനക്കാർ വേണ്ടിടത്തതാണിത്. നിലവിലുള്ള ഡേറ്റാ എൻട്രി ഓപ്പറേറ്റർമാർ പോലും കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരാണ്.

കെ.കെ. ശൈലജ വനിതാ ശിശുവികസന മന്ത്രി ആയിരിക്കെയാണ് സി.ഡബ്ല്യു.സികളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ തീരുമാനമായത്. ഇത് അടിയന്തരമായി നടപ്പാക്കുമെന്ന് അന്ന് വനിത ശിശുവികസന ഡയറക്ടറായിരുന്ന ടി.വി. അനുപമയും അറിയിച്ചിരുന്നു. സർക്കാരും ഡയറക്ടറും മാറിയതോടെ നടപടികൾ നിലച്ചു.

അംഗങ്ങൾക്ക് സ്വീപ്പർ ജോലിവരെ
നിലവിൽ പ്യൂണിന്റെയും സ്വീപ്പറുടെയും ജോലിവരെ സി.ഡബ്ല്യു.സി അംഗങ്ങൾ തന്നെ ചെയ്യേണ്ട ഗതികേടാണ്. കുട്ടികളുമായി ബന്ധപ്പെട്ട എണ്ണമറ്റ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സി.ഡബ്ല്യു.സി ഓഫീസുകളിൽ പോലും ദയനീയ സ്ഥിതിയാണ്. ചെയർപേഴ്‌സൺ ഉൾപ്പെടെ അഞ്ച് അംഗങ്ങൾ ദിവസം 20ലേറെ കേസുകൾ പരിഗണിക്കും. ഇതിന്റെ വിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്താൻ
ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർക്ക് ഒന്നിലേറെ ദിവസമെടുക്കുന്നതിനാൽ ഡേറ്റാ എൻട്രിയും സ്വീപ്പറില്ലാത്തതിനാൽ ബാത്‌റൂം വൃത്തിയാക്കലുമെല്ലാം അംഗങ്ങൾ ചെയ്യണം. ഇതിനിടയ്ക്ക് കോടതികൾ ആവശ്യപ്പെടുന്ന ഫയലുകൾ എത്തിച്ചു നൽകുന്നതും അംഗങ്ങൾ തന്നെ.

പ്രശ്‌നങ്ങൾ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാത്തതിൽ മന്ത്രിയെ പ്രതിഷേധമറിയിക്കാനുള്ള ഒരുക്കത്തിലാണ് അംഗങ്ങൾ

വേണ്ടത് പത്ത് പേർ
ഒരു സെക്രട്ടറി
രണ്ട് ക്ലാർക്ക്
മൂന്ന് ടൈപ്പിസ്റ്റ്
മൂന്ന് ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ഒരു സ്വീപ്പർ
എന്നിങ്ങനെ ജീവനക്കാരായി ഓരോ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഓഫീസിലും വേണ്ടത് 10പേരാണ്.

ആദ്യഘട്ടത്തിൽ ആറ് പേരെ വീതം നിയമിക്കാനായിരുന്നു മുൻ സർക്കാരിന്റെ തീരുമാനം.

ശിശുക്ഷേമ സമിതി(സി.ഡബ്ല്യു.സി)

അദ്ധ്യക്ഷൻ ഉൾപ്പെടെ അഞ്ച് അംഗങ്ങൾ അടങ്ങിയ ജുഡീഷ്യൽ ബോഡി. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് അടിയന്തര ഇടപെടൽ നടത്തി തീരുമാനമെടുക്കുകയും ആവശ്യമെങ്കിൽ കുട്ടിക്ക് ഷെൽട്ടർ ഒരുക്കുകയും ചെയ്യുന്ന സമിതി. ഈ തീരുമാനങ്ങളിന്മേൽ അപ്പീൽ പോകാവുന്നത് കുട്ടികളുടെ കോടതിയിൽ.

സി.ഡബ്ല്യു.സി അംഗങ്ങളുടെ ചുമതലകൾ
കേസുകൾ പരിഗണിക്കണം,മൊഴിയെടുക്കണം, തീരുമാനമെടുക്കണം

കൗൺസിലിംഗ്, ബോധവത്കരണ ക്ലാസുകൾ

ഷെൽടർ നിശ്ചയിക്കൽ, നേരിട്ട് വിലയിരുത്തൽ
കോംപൻസേഷൻ നിശ്ചയിക്കൽ

കേസിന്മേൽ വീടുകൾ, ആശുപത്രികൾ സന്ദർശിക്കൽ


പൊലീസ് ഏകോപനം