വൈപ്പിൻ: ശ്രീനാരായണ ഗുരുദേവന്റെ 168-ാം ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി വൈപ്പിൻ എസ്.എൻ.ഡി.പി യൂണിയൻ ഇന്ന് വർണാഭമായ ഘോഷയാത്ര നടത്തും. വൈകിട്ട് 4 മണിക്ക് മുൻപായി യൂണിയനിലെ 22 ശാഖകളും പള്ളത്താംകുളങ്ങര ക്ഷേത്ര മൈതാനിയിൽ വ്യത്യസ്ത ബാനറുകൾക്ക് കീഴിൽ അണിനിരക്കും. 4ന് ഘോഷയാത്ര പുറപ്പെടും.

വിവിധ വാദ്യമേളങ്ങൾ, കാവടി, തെയ്യം, നിശ്ചല ദൃശ്യങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയ്ക്ക് യൂണിയൻ പ്രസിഡന്റ് ടി.ജി.വിജയൻ, സെക്രട്ടറി ടി.ബി.ജോഷി, വൈസ് പ്രസിഡന്റ് കെ.വി.സുധീശൻ, യോഗം ബോർഡ് അംഗം കെ.പി.ഗോപാലകൃഷ്ണൻ, യോഗം വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി, യൂണിയൻ കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകും.

വൈകിട്ട് 6 മണിയോടെ ഘോഷയാത്ര ചെറായി ശ്രീഗൗരീശ്വര ക്ഷേത്രത്തിലെത്തി ഗുരുമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സമാപിക്കും. തുടർന്ന് യൂണിയന്റെയും വിജ്ഞാന വർദ്ധിനി സഭയുടേയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ചതയദിന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. സഭാ പ്രസിഡന്റ് വികാസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിക്കും. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, യോഗം ലീഗൽ അഡ്വൈസർ എ.എൻ.രാജൻ ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
തുളസി സോമൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, എസ്.എൻ.ഡി.പി. യൂണിയന്റെയും വി.വി. സഭയുടെയും ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും. പി.ഡി. ശ്യാംദാസ്, അഡ്വ.എൻ.എൻ. ഗോപാലൻ എന്നിവരുടെ സ്മരണക്കായി ഏർപ്പെടുത്തിയിട്ടുള്ള സമ്മാനങ്ങളുടെ വിതരണവുമുണ്ടാകും. റാലിയിൽ മികച്ച പ്രകടനം നടത്തുന്ന ശാഖകൾക്കും മികച്ച നിശ്ചല ദൃശ്യങ്ങൾക്കും സമ്മാനങ്ങളും പ്രഖ്യാപിക്കും.