വൈപ്പിൻ: വൈപ്പിൻ -മുനമ്പം സംസ്ഥാന പാതയിൽ കുഴുപ്പിള്ളി മുതൽ ചെറായിവരെ എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ നടത്തിയ ചതയദിന ഘോഷയാത്ര പ്രദേശത്തെ മഞ്ഞക്കടലായി മാറ്റി. പള്ളത്താംകുളങ്ങര ക്ഷേത്രമൈതാനിയിൽ യൂണിയന്റെയും 22 ശാഖകളുടേയും ബാനറുകൾക്ക് പിന്നിൽ അണിനിരന്ന നേതാക്കളും പ്രവർത്തകരും 4ന് സംസ്ഥാന പാതയിലേക്ക് നീങ്ങി.
വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി, വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, യോഗം വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, യൂണിയൻ കൗൺസിലർമാരായ കണ്ണദാസ് തടിക്കൽ, സി.വി. ബാബു, സി.കെ. ഗോപാലകൃഷ്ണൻ, കെ.യു. സുരേന്ദ്രൻ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, വൈദിക യോഗം, എംപ്ലോയിസ് ഫോറം, സൈബർസേന ഭാരവാഹികൾ തുടങ്ങിയവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.
പഞ്ചവാദ്യം, ചെണ്ടമേളം, ഉടുക്ക്, ബാൻഡ് തുടങ്ങിയ വാദ്യമേളങ്ങൾ, കാവടി, തെയ്യം, വിവിധ നിശ്ചലദൃശ്യങ്ങൾ, മഞ്ഞക്കുടകൾ, മഞ്ഞതൊപ്പികൾ തുടങ്ങിയവ ഘോഷയാത്രയെ വർണശബളമാക്കി. ആറോടെ ചെറായി ശ്രീഗൗരീശ്വരക്ഷേത്ര മൈതാനത്ത് എത്തിയ ഘോഷയാത്ര ഗുരുമണ്ഡപത്തിൽ ക്ഷേത്രം മേൽശാന്തി എം.ജി. രാമചന്ദ്രന്റെ കാർമ്മികത്വത്തിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥന ചൊല്ലി സമാപിച്ചു.
തുടർന്ന് യൂണിയന്റെയും വിജ്ഞാനവർദ്ധിനി സഭയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചതയദിന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വി.വി സഭ പ്രസിഡന്റ് വികാസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യോഗം ലീഗൽ അഡ്വൈസർ അഡ്വ. എ.എൻ. രാജൻബാബു, യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ജില്ലാപഞ്ചായത്ത് അംഗം അഡ്വ. എം.ബി. ഷൈനി, യോഗം വനിതാസംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, വി.വി. സഭ സ്‌കൂൾ മാനേജർ കെ.എസ്. ജയപ്പൻ, ട്രഷറർ ബെൻസീർ കെ. രാജ് തുടങ്ങിയവർ പ്രസംഗിച്ചു.
മികച്ച പഠനം നടത്തിയ വിദ്യാർത്ഥികൾ, ഘോഷയാത്രയിൽ മികവ് പുലർത്തിയ ശാഖകൾ, മികച്ച നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവയ്ക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.