sndp
ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ആലുവ യൂണിയന്റെയും അദ്വൈതാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആലുവയിൽ നടന്ന ജയന്തി മഹാഘോഷയാത്ര. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് അംഗങ്ങളായ വി.ഡി. രാജൻ, ടി.എസ്. അരുൺ, പി.പി. സനകൻ തുടങ്ങിയവർ മുൻനിരയിൽ

ആലുവ: ഗുരുദേവജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആലുവയിൽ നടന്ന മഹാഘോഷയാത്ര നഗരത്തെ മഞ്ഞക്കടലാക്കി മാറ്റി. പീതപതാകകളുമായി ആയിരക്കണക്കിന് ശ്രീനാരായണീയർ അണിനിരന്നു.

എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും അദ്വൈതാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയപാതയിൽ തോട്ടക്കാട്ടുകര (ഡോ. പല്പുനഗർ) കവലയിയിൽ നിന്നുമാരംഭിച്ച റാലി ബൈപ്പാസ്, ബാങ്ക് കവല, പാലസ് റോഡ് വഴി അദ്വൈതാശ്രമത്തിൽ സമാപിച്ചു. ഘോഷയാത്രയുടെ മുൻനിര അദ്വൈതാശ്രമത്തിൽ എത്തിയിട്ടും പിൻനിര തോട്ടക്കാട്ടുകര വിട്ടിരുന്നില്ല. യൂണിഫോം ധാരികൾ, പൂത്താലമേന്തിയ വനിതകൾ, താളമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ, പ്രച്ഛന്നവേഷം, തെയ്യം, കാവടി എന്നിവ ഘോഷയാത്രക്ക് മിഴിവേകി.

യൂണിയൻ പരിധിയിലെ 61 ശാഖകളും പ്രത്യേകം ബാനറിന് കീഴിലാണ് അണിനിരന്നത്. ശാഖകളെ നാല് വിഭാഗങ്ങളായി തിരിച്ച് കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനും കൂടുതൽ ആകർഷകമാക്കുന്നതിനും യൂണിയൻ സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ മത്സരാവേശത്തോടെയാണ് ഓരോ ശാഖകളും ഘോഷയാത്രയിൽ അണിനിരന്നത്.

തോട്ടക്കാട്ടുകര കവലയിൽ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്ത എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അദ്വൈതാശ്രമത്തിൽ സമാപനസമ്മേളനവും ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. ആശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ജയന്തിസന്ദേശം നൽകി. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ബോർഡ് അംഗങ്ങളായ വി.ഡി. രാജൻ, പി.പി. സനകൻ, വനിതാസംഘം പ്രസിഡന്റ് ലതാ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

സ്വാമി ധർമ്മചൈതന്യ, യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് അംഗങ്ങളായ വി.ഡി. രാജൻ, ടി.എസ്. അരുൺ, പി.പി. സനകൻ, കൗൺസിലർമാരായ കെ.കെ. മോഹനൻ, കെ. കുമാരൻ, സജീവൻ ഇടച്ചിറ, രൂപേഷ് മാധവൻ, വി. ചന്ദ്രൻ, കെ.ബി. അനിൽകുമാർ, കെ.സി. സ്മിജൻ, വനിതാസംഘം പ്രസിഡന്റ് ലതാ ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, സൈബർസേന ചെയർമാൻ ജഗൽകുമാർ, എംപ്ളോയീസ് ഫോറം സെക്രട്ടറി സുനിൽഘോഷ് എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.


ഗുരു നൽകിയത് ലോകത്തിന് പ്രകാശംപരത്തുന്ന

സന്ദേശം: സ്വാമി ധർമ്മചൈതന്യ

ആലുവ: പ്രകാശം പരത്തുന്ന സന്ദേശമാണ് ശ്രീനാരായണ ഗുരുദേവൻ ലോകജനതയ്ക്ക് നൽകിയതെന്ന് അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചെെതന്യ പറഞ്ഞു. അദ്വൈതാശ്രമത്തിൽ ജയന്തി സന്ദേശം നൽകുകയായിരുന്നു സ്വാമി. സന്യാസധർമ്മത്തെ ഗുരു കാലഘട്ടത്തിന് അനുസൃതമായി നവീകരിച്ചതിന്റെ കർമ്മനേട്ടമാണ് നാം ഇന്നനുഭവിക്കുന്നത്.

ഗുരുവിന്റെ സന്ദേശങ്ങൾ മാനവരാശിക്കാകെ ആയിരുന്നു. ഗുരുവിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് യോഗക്ഷേമസഭയും എൻ.എസ്.എസും രൂപീകൃതമായത്. അയ്യങ്കാളിയുടെ പ്രവർത്തനവും ഗുരുവിൽനിന്നുള്ള പ്രചോദനമുൾക്കൊണ്ടാണ്. സത്യദർശനത്തിന്റെ പൂർണതയിൽനിന്ന് പ്രവർത്തിച്ച ഗുരുവിനെപ്പോലെ മറ്റൊരാൾ ലോകത്തില്ല. പരമഗുരുവും ദൈവവും വഴികാട്ടിയുമായ ഗുരു പുതുതലമുറയുടെ മനസിൽ എക്കാലവും ഉണ്ടാകട്ടെയെന്നും സ്വാമി പറഞ്ഞു.