ആലുവ: അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഭക്തിസാന്ദ്രമായി. ആയിരക്കണക്കിന് വിശ്വാസികൾ രാവിലെ മുതൽ ചടങ്ങുകളിൽ പങ്കെടുക്കാനെത്തി. 5.30ന് മേൽശാന്തി പി.കെ. ജയന്തന്റെ നേതൃത്വത്തിൽ പ്രഭാത പൂജയോടെ ചടങ്ങുകൾ ആരംഭിച്ചു.
ഗുരുദേവ ജയന്തിപൂജ, ശാന്തിഹോമം, ധ്വജാരോഹണം, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടന്നു. സത്സംഗത്തിന് സ്വാമി ധർമ്മചൈതന്യ, സ്വാമി പ്രബോധതീർത്ഥ, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, നാരായണഋഷി, ജയന്തൻ ശാന്തി, കെ.എം. സുധാകരൻ എന്നിവർ നേതൃത്വം നൽകി. ഉച്ചയ്ക്ക് ഗുരുപൂജയിൽ ആയിരങ്ങൾ പങ്കാളികളായി. വൈകിട്ട് സ്വാമി ധർമ്മചൈതന്യ തിരുജയന്തി സന്ദേശം നൽകി. തുടർന്ന് ദീപാരാധന, ആരതി, സമൂഹപ്രാർത്ഥന എന്നിവയും നടന്നു.