sgamitha

പറവൂർ: പറവൂർ, ആലുവ, വൈപ്പിൻ യൂണിയനുകൾക്ക് കീഴിലെ വിവിധ എസ്.എൻ,ഡി.പി യോഗം ശാഖകൾ ശ്രീനാരായണഗുരുദേവന്റെ 168-ാംജയന്തി വിപുലമായി ആഘോഷിച്ചു. നാടുംനഗരവും പീതവർണത്തിൽ അലിഞ്ഞ ദിനത്തിൽ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രകളിൽ ആയിരക്കണക്കിന് ശ്രീനാരായണീയർ അണിനിരന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെയും വിവിധ പോഷക സംഘടനകളുടെയും ഭാരവാഹികൾ ആഘോഷ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

എച്ച്.എം.ഡി.പി സഭയിൽ

വടക്കേക്കര ഹിന്ദുമത ധർമ്മ പരിപാലന സഭയുടെ നേതൃത്വത്തിൽ ശ്രീനാരായണ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നിർവഹിച്ച മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ വിശേഷാൽപൂജ,ഗുരുദേവ മണ്ഡപത്തിൽ വിശേഷാൽപൂജ എന്നിവ നടന്നു. സഭാ ഭാരവാഹികളുടെ നേതൃത്വത്തിൽ എസ്.എൻ.എം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ഘോഷയാത്രയും തുടർന്ന് ജയന്തിദിന സമ്മേളനവും നടന്നു. പൂത്തോട്ട കെ.പി.എം.വി ഹയർ സെക്കൻഡറി സ്കൂളിലെ അഖിൽ വിനോദ്, മാല്യങ്കര എസ്.എൻ.എം കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എച്ച്.ജിത എന്നിവർ പ്രഭാഷണം നടത്തി. സഭാ പ്രസിഡന്റ് ഇ.പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.സുനിൽകുമാർ, ആഘോഷ കമ്മിറ്റി കൺവീനർ ഒ.എസ്. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

---------------------------------------------------------------------------------

ഈഴവ സമാജത്തിൽ

പറവൂർ ഈഴവ സമാജത്തിന്റെ ജയന്തിയാഘോഷം പറവൂത്തറ കുമാരമംഗലം ക്ഷേത്രത്തിലും പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലുമായി നടന്നു. ക്ഷേത്രാങ്കണത്തിലെ ഗുരുമണ്ഡപത്തിൽ ഗുരുപൂജ, സമൂഹ പ്രാർത്ഥന, പ്രസാദഊട്ട്, വൈകിട്ട് ദീപക്കാഴ്ച എന്നിവയുണ്ടായി. മേൽശാന്തി എ.കെ.ജോഷി ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. പുല്ലംകുളം സ്കൂളിലെ ഗുരുമണ്ഡപത്തിൽ സമൂഹ പ്രാർത്ഥനയും മധുരപലഹാരവിതരണവും ചേന്ദമംഗലം കവലയിലെ ഈഴവ സമാജം ഷോപ്പിംഗ് കോംപ്ളക്സിൽ ചതയദിനാഘോഷവും നടന്നു. പ്രസിഡന്റ് പി.ആർ.കാന്തൻ, സെക്രട്ടറി എം.കെ.സജീവൻ എന്നിവർ നേതൃത്വം നൽകി.

-------------------------------------------------------------------

ഗുരുദേവ സംഘമിത്രയിൽ

പാലാതുരുത്ത് - മുണ്ടുരുത്തി ഗുരുദേവ സംഘമിത്രയിൽ ഗുരുദേവ ജയന്തിദിനാഘോഷത്തോടനുബന്ധിച്ച് വിശേഷാൽപൂജ, സമൂഹഹോമം, സമൂഹപ്രാർത്ഥന, ഗുരുപുഷ്പാഞ്ജലി എന്നിവ നടന്നു. ചതയദിന സമ്മേളനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഇ.എസ്.ഷീബ ഉദ്ഘാടനം ചെയ്തു. സംഘമിത്ര ചെയർമാൻ കെ.ജെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി കെ.പി.ധനപാലൻ ചതയദിനസന്ദേശം നൽകി. ഗുരുധർമ്മ പ്രചാരണസഭ മുൻ രജിസ്ട്രാർ എം.വി.മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്.സ്വാമിനാഥൻ, സംഘമിത്ര സെക്രട്ടറി എം.എം.പവിത്രൻ, വൈസ് ചെയർമാൻ എം.പി.അനിൽകുമാർ, വാർഡ് അംഗം റീജ ഡേവിസ് എന്നിവർ സംസാരിച്ചു.