sndpmvpa
മൂവാറ്റുപുഴ നഗരത്തെ വർണ്ണാഭമാക്കിയ ഗുരുദേവ ജയന്തി മഹാഘോഷയാത്ര

മൂവാറ്റുപുഴ: ആയിരങ്ങൾ അണിനിരന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്ര മൂവാറ്റുപുഴ നഗരത്തെ പുളകച്ചാർത്തണിയിച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന ഘോഷയാത്ര നഗരത്തെ മഞ്ഞക്കടലാക്കി. ഇന്നലെ ഉച്ചയോടെ 31 ശാഖകളിൽനിന്നായി ആയിരക്കണക്കിന് ശ്രീനാരായണീയർ മൂവാറ്റുപുഴ 130 ജംഗ്ഷനിലേക്ക് ഒഴുകിയെത്തി. തുടർന്ന് 3.30ഓടെ യൂണിയൻപ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ. എൻ. രമേശ്, പ്രമോദ് കെ. തമ്പാൻ എന്നിവരുടെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി ഘോഷയാത്രക്ക് തുടക്കമായി. ശാഖകളുടെ ബാനറുകൾക്ക് പിന്നാലെ അണിനിരന്ന ഘോഷയാത്രയ്ക്ക് പൂക്കാവടി, ആട്ടക്കാവടി, തെയ്യം, അർദ്ധനാരീശ്വരൂപം, ഗുരുദേവ വിഗ്രഹം വഹിക്കുന്ന രഥങ്ങൾ, മഞ്ഞക്കൊടികൾ, മഞ്ഞക്കുടകൾ, ഗുരുദേവ ചിത്രങ്ങൾ, കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, വിവിധ വാദ്യമേളങ്ങൾ തുടങ്ങിയവ മിഴിവേകി.

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ കെ.എസ്.ആർ.ടി.സി, പി.ഒ ജംഗ്ഷൻ, കച്ചേരിത്താഴം, ബി.ഒ.സി, വെള്ളൂർക്കുന്നം ചുറ്റിയ ഘോഷയാത്ര ശ്രീകുമാര ഭജനദേവസ്വം ക്ഷേത്രാങ്കണത്തിലെ ഗുരുദേവ നഗറിൽ എത്തി. തുടർന്ന് നടന്ന മഹാജയന്തിസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ചതയദിന സന്ദേശം നൽകി. വിദ്യാഭ്യാസ അവാർഡ് വിതരണം നഗരസഭ ചെയർമാൻ പി.പി. എൽദോസ് നിർവഹിച്ചു.

വാർഡ് കൗൺസിലർ ജിനു മടേക്കൽ, യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ.എൻ. രമേശ് എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജു, എം.ആർ. നാരായണൻ, ടി.വി. മോഹനൻ, അനിൽ കാവുംചിറ, യൂണിയൻ പഞ്ചായത്ത് സമിതി അംഗങ്ങളായ എം.എസ്. വിത്സൻ, എൻ.ആർ. ശ്രീനിവാസൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, സെക്രട്ടറി ഭാനുമതി ഗോപിനാഥ്, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. സിനോജ്, സെക്രട്ടറി പി.എസ്. ശ്രീജിത്, യൂണിയൻ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി അംഗം കെ.ജി. അരുൺകുമാർ, യൂണിയൻ സൈബർ സേനാമേധാവി കെ.എ. ദീപു എന്നിവർ പങ്കെടുത്തു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ. തമ്പാൻ നന്ദി പറഞ്ഞു.