
കൊച്ചി: നാൽപ്പത് ദിനങ്ങൾ. കൊച്ചിയിൽ അരുംകൊല ചെയ്യപ്പെട്ടത് ആറ് പേർ. അഞ്ചിലും പ്രതികൾ യുവാക്കൾ. അങ്കമാലിയിൽ യുവാവ് കുത്തിക്കൊന്നത് സ്വന്തം അമ്മയെ.
അഞ്ച് കേസുകളിൽ പ്രതികൾ അറസ്റ്റിലായി. എറണാകുളം നോർത്തിലെ കൊലപാതകത്തിലെ പ്രതിയെ കണ്ടെത്തിയിട്ടില്ല. കൊലകളും ക്രിമിനൽ കേസുകളും വർദ്ധിച്ചതോടെ പൊലീസ് നടപടികൾ കടുപ്പിച്ചതിനിടെയാണ് ഇന്നലത്തെ അരുംകൊല. ആഗസ്റ്റ് 14നും ഇന്നലെയും നടന്ന കൊലകളിൽ ക്രിമിനൽ സംഘങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
ആഗസ്റ്റ് ഒന്ന്
അങ്കമാലി നായത്തോടിൽ മകന്റെ കുത്തേറ്റ് അമ്മ കൊല്ലപ്പെട്ടു. മരിച്ച മേരിയുടെ മകൻ കിരൺ റിമാൻഡിലാണ്. വീട്ടിൽ വാക്കുതർക്കത്തിനിടെ അമ്മയെ വെട്ടിക്കൊല്ലുകയായിരുന്നു.
ആഗസ്റ്റ് 10
രാത്രി ഒമ്പതിന് എറണാകുളം നോർത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ രണ്ട് പേരുടെ വാക്കേറ്റം കൊലയിൽ കലാശിച്ചു. കൊല്ലം സ്വദേശി എഡിസണെ മുളവുകാട് സ്വദേശി സുരേഷ് മദ്യക്കുപ്പി പൊട്ടിച്ച് കുത്തിക്കൊന്നു. സുരേഷ് ഒളിവിലാണ്.
ആഗസ്റ്ര് 14
പുലർച്ചെ 2.30ന് മൂന്നാം എറണാകുളം സൗത്തിൽ ട്രാൻസ്‌ജെൻഡറുമായി സംസാരിച്ചു നിന്ന നെട്ടൂർ സ്വദേശി ഹർഷാദ്, തന്നെ കളിയാക്കി പാട്ടുപാടിയ വരാപ്പുഴ സ്വദേശി ശ്യാം ശിവാനന്ദനെ കുത്തിക്കൊന്നു. മൂന്ന് പേർ അറസ്റ്റിലായി.
ആഗസ്റ്റ് 17
ലഹരി ഇടപാടിലെ തർക്കത്തെ തുടർന്ന് കോഴിക്കോട് സ്വദേശി അർഷാദ് മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ കാക്കനാട്ടെ ഫ്ലാറ്റിൽ കൊലപ്പെടുത്തി പൈപ്പ് ഡക്ടിൽ തള്ളി. അർഷാദിനെ പൊലീസ് മഞ്ചേശ്വരത്തു നിന്നാണ് പിടികൂടിയത്.
ആഗസ്റ്ര് 28
നെട്ടൂരിലായിരുന്നു അഞ്ചാമത്തെ കൊലപാതകം. പുലർച്ചെ ഒരു മണിയോടെ
പച്ചക്കറി മാർക്കറ്റിനു സമീപം ഭാര്യയുടെ സുഹൃത്തായ യുവാവിനെ ഭർത്താവ് വീൽ സ്പാനറിന് അടിച്ചു കൊല്ലുകയായിരുന്നു. പാലക്കാട് കൊടുന്തരപ്പള്ളി വടശേരിത്തൊടി വീട്ടിൽ അജയ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് പുതുശേരി സ്വദേശി സുരേഷ് അയ്യപ്പനാണ് അറസ്റ്റിലായത്.