kklm

കൂത്താട്ടുകുളം: കുത്താട്ടുകുളം എസ്.എൻ.ഡി.പി യൂണിയന് കീഴിലെ എല്ലാ ശാഖകളിലും ചതയദിനാഘോഷങ്ങളുടെ ഭാഗമായി ഘോഷയാത്ര, അന്നദാനം എന്നിവ നടന്നു. ശ്രീനാരായണ ധർമ്മപരിപാലനയോഗം 224-ാംനമ്പർ കൂത്താട്ടുകുളം ശാഖയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് ഭക്തർ പങ്കെടുത്ത ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച് മംഗലത്തുതാഴം അമ്പലക്കുളം റോഡ് വഴി സെൻട്രൽ ജംഗ്ഷനിൽ എത്തിച്ചേർന്ന് രാമപുരം കവല വഴി ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. ശാഖാ പ്രസിഡന്റ് വി.എൻ.രാജപ്പൻ. വൈസ് പ്രസിഡന്റ് പി.എൻ.സലിംകുമാർ, സെക്രട്ടറി തിലോത്തമ ജോസ് എന്നിവർ നേതൃത്വം നൽകി. ഓണക്കൂർ ശാഖയുടെ ചതയദിനഘോഷയാത്ര യൂണിയൻ സെക്രട്ടറി സി.പി. സത്യൻ ഫ്ലാഗ് ഓഫ് ചെയ്തു. തിരുമാറാടി ശാഖയിൽ ശാഖാ പ്രസിഡന്റ് സുധാകരൻ കോളാപ്പിള്ളിൽ, വിജയൻ കച്ചിക്കോട്ടിൽ എന്നിവർ നേതൃത്വം നൽകി. മൂവാറ്റുപുഴ യൂണിയന് കീഴിൽ വരുന്ന മണ്ണത്തൂർ, കാക്കൂർ എന്നീ ശാഖകളിലും പരിപാടികൾ നടന്നു. മണ്ണത്തൂരിൽ ശാഖാ പ്രസിഡന്റ് എസ്. അനിൽ, പി.എൻ.വിശ്വംഭരൻ എന്നിവരും കാക്കൂർ ശാഖയിൽ പി.ആർ. പ്രകാശൻ, എസ്.ബെയിൻ എന്നിവരും നേതൃത്വം നൽകി. ഒലിയപ്പുറം, പാലക്കുഴ, മൂങ്ങാംകുന്ന്, ഇലഞ്ഞി, മുത്തലപുരം, പെരുമ്പടവം, കിഴകൊമ്പ്, ഇടയാർ ശാഖകളിലും ഘോഷയാത്രകളും എൻഡോവ്മെന്റ് വിതരണവും നടന്നു.
കിഴകൊമ്പ് 871-ാം നമ്പർ ശാഖാ യോഗത്തിന്റെ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ്‌ പി.ജി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. എൻ.ടി. രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ നേതാക്കളായ ഡി.സാജു, എം.പി.ദിവാകരൻ, വി.എസ്.അനീഷ്, ഷീല സാജു, അജേഷ്, എൻ.കെ.വിജയൻ, ഖാദി ബോർഡ്‌ അംഗം ചന്ദ്രശേഖരൻ, ശാഖാ നേതാക്കളായ കെ.കെ.ഷിബു, പി.കെ.കൃഷ്ണൻ, ഡോ.രാഹുൽ ഷാജൻ തുടങ്ങിയവർ സംസാരിച്ചു. രാവിലെ ക്ഷേത്ര ചടങ്ങുകൾ, ചതയ പ്രാർത്ഥന, വാഹന വിളംബര ഘോഷയാത്ര, പിറന്നാൾ സദ്യ, ഓണാഘോഷം, കലാ, കായിക മത്സരങ്ങൾ തുടങ്ങി വിവിധ ചടങ്ങുകളോടെ വിപുലമായി കിഴകൊമ്പു ശാഖ ചതയദിനം ആഘോഷിച്ചു. 2989-ാം നമ്പർ ഇടയാർ എസ്.എൻ.ഡിപി ശാഖയിലെ ഗുരുദേവ ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, സെക്രട്ടറി സി.പി.സത്യൻ എന്നിവർ ചേർന്ന് പതാക ഉയർത്തി. ഘോഷയാത്ര വിലങ്ങപ്പാറയിൽ നിന്ന് ആരംഭിച്ചു 11.30ന് ഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് ടി.കെ.ഗോപി, സെക്രട്ടറി ടി.കെ.റെജി, വൈസ് പ്രസിഡന്റ് എ.രവീന്ദ്രൻ, എൻ.കെ.വിജയൻ എന്നിവർ സംസാരിച്ചു. ശാഖയിൽ നിന്ന് പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ എൻഡോവ്മെന്റുകൾ നൽകി അനുമോദിച്ചു.