പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയന് കീഴിലെ 74 ശാഖകളിലും വിപുലമായ ജയന്തി ആഘോഷം നടന്നു.
പെരുമ്പാവൂർ 857ാം നമ്പർ ശാഖയിൽ രാവിലെ ഗുരുപൂജ, തുടർന്ന് നടന്ന ജയന്തി സമ്മേളനത്തിൽ സി.എച്ച്. മുസ്തഫ മൗലവി കണ്ണൂർ മുഖ്യപ്രഭാഷണവും സ്വാമി വിഷ്ണുപ്രിയ അനുഗ്രഹ പ്രഭാഷണവും നടത്തി. ശാഖാ പ്രസിഡന്റ് ടി.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു.
സി.കെ.സുരേഷ് ബാബു, ശാന്ത മോഹനൻ, എം.എസ്.സുനിൽ, കെ.രാമചന്ദ്രൻ, എൻ.ജി.തമ്പി, എം.വി.ചിദംബരൻ, വത്സല രവികുമാർ, ഐശ്വര്യ മധു, സി.തമ്പാൻ എന്നിവർ സംസാരിച്ചു. തുടർന്ന് ചതയസദ്യയും കലാ,കായിക മത്സരങ്ങളും നടന്നു. വൈകിട്ട് പെരുമ്പാവൂർ, ഇരിങ്ങോൾ, കാഞ്ഞിരക്കാട് ഗുരുചൈതന്യ, വാഴക്കുളം, മുടിക്കൽ , അല്ലപ്ര, വട്ടയ്ക്കാട്ടുപടി ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പാവൂരിനെ മഞ്ഞപ്പട്ടണിയിച്ചു കൊണ്ട് ശ്രീധർമ്മശാസ്താ മൈതാനിയിൽ നിന്നാരംഭിച്ച ഘോഷയാത്ര കുന്നത്തുനാട് യൂണിയൻ ആസ്ഥാനത്ത് സമാപിച്ചു.
865-ാം നമ്പർ ഒക്കൽ ശാഖയുടെ ആഭിമുഖ്യത്തിൽ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗുരുദേവചൈതന്യ രഥഘോഷയാത്ര കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണൻ പീതപതാകയും ദീപശിഖയും ശാഖാ പ്രസിസന്റ് എം.പി.സദാനന്ദനും സെക്രട്ടറി എം.എൻ.രവിക്കും കൈമാറി ഉദ്ഘാടനം ചെയ്തു. ആയിരങ്ങൾ പങ്കെടുത്ത ശോഭായാത്രയുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര ഒക്കലിനെ മഞ്ഞക്കടലാക്കി. സാംസ്‌കാരിക സമ്മേളനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കെയർമാൻ കെ.കെ. കർണന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഡി.ഐ.ജി ആർ.നിശാന്തിനി വിദ്യാഭ്യാസ അവാർഡുകൾ വിതരണംചെയ്തു. ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി പുരസ്‌കാരം സമർപ്പിച്ചു. സാജു പോൾ ജയന്തിദിന സന്ദേശം നൽകി.
ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ബ്ളോക്ക് പഞ്ചായത്ത് അംഗം സി.ജെ.ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശശി, ശാഖാ പ്രസിഡന്റ് എം.പി.സദാനന്ദൻ, സെക്രട്ടറി എം.എൻ.രവി, സ്‌കൂൾ മാനേജർ ടി.ടി.സാബു, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ പി.വി.സുധാകരൻ, ബാബുജി, എം.വി. ഗിരീഷ്, ശാന്തകുമാരിഎന്നിവർ സംസാരിച്ചു. തുടർന്ന് പിറന്നാൾസദ്യ നടത്തി.
ഇരിങ്ങോൾ 168ാം നമ്പർ ശാഖയിൽ നടന്ന ജയന്തി സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത് നാരായണൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണവും വിദ്യാഭ്യാസ സഹായവിതരണവും നടത്തി. ശാഖാ പ്രസിഡന്റ് വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എൻ.മോഹനൻ, വി. മോഹനൻ, കെ.ജി. പീതാംബരൻ, ഓമന സുബ്രഹ്മണ്യൻ, പി.കെ. ശിവരാജൻ, ഇ.ടി.അനൂപ്, വാസുദേവൻ, കെ.രാജേഷ് എന്നിവർ സംസാരിച്ചു.
865-ാം നമ്പർ കോടനാട് ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ഘോഷയാത്ര കോടനാടിനെ പീതവർണമാക്കി. ശാഖ വക സ്‌കൂളിൽ നടന്ന ജയന്തി സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സജിത് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ഭാസ്‌കരൻ നെടിയറ അവാർഡ് ദാനം നിർവഹിച്ചു. നാഷണൽ പഞ്ചഗുസ്തി മത്സരത്തിലെ വിജയി അർജുൻ രാഘവിനെ ആദരിച്ചു. ശാഖാ പ്രസിഡന്റ് ടി.എൻ.രാജൻ, സെക്രട്ടറി കെ.എൻ.സാംബശിവൻ, വൈസ് പ്രസിഡന്റ് അബീഷ് പനച്ചിക്കൽ, ആഘോഷ കമ്മിറ്റി കൺവീനർ എൻ.പി.സാജു, കുടുംബയോഗം ഭാരവാഹികളായ എം.എസ്.സന്തോഷ്, എം.എസ്.സുദർശൻ, വിമലാദേവി, രവീന്ദ്രൻ, എം.എസ്.രാജപ്പൻ എന്നിവർ സംസാരിച്ചു.
866-ാം നമ്പർ ചേരാനല്ലൂർ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ഇരുചക്ര വാഹന റാലി ശാഖാ പ്രസിഡന്റ് കെ.ആർ.സജീവന് പീതപതാക കൈമാറി യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ സജിത്ത് നാരായണൺ ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന ഘോഷയാത്ര തൊണ്ടുകടവിൽ നിന്നാരംഭിച്ച് ശാഖാ അങ്കണത്തിൽ സമാപിച്ചു. സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ അഭിജിത്ത് ഉണ്ണിക്കൃഷ്ണൻ ജയന്തിസന്ദേശം നൽകി. ഡി.പി സഭ സെക്രട്ടറി കെ.സദാനന്ദൻ, ശാഖാ സെക്രട്ടറി വി.എസ്. അജയകുമാർ, വൈസ് പ്രസിഡന്റ് സദാനന്ദൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി എൻഡോവ്‌മെന്റ് വിതരണം കെ.വി. രമേശൻ (നിലവിളക്ക് റൈസ്) നിർവഹിച്ചു.
892-ാം നമ്പർ പുല്ലുവഴി ശാഖയുടെ ആഭിമുഖ്യത്തിൽ വർണശബളമായ ജയന്തി ഘോഷയാത്ര നടന്നു. ശാഖാ മന്ദിരത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര ശാഖാ മന്ദിരത്തിൽ സമാപിച്ചു. വൈകിട്ട് ശാഖാ പ്രസിഡന്റ് പി.ഐ. ശിവരാജന്റെ അദ്ധ്യക്ഷതയിൽ നടന്ന ജയന്തി സമ്മേളനം ശ്രീനാരായണ ഗുരുകുലം ചാരിറ്റബിൾ ട്രസ്റ്റ് എക്‌സിക്യുട്ടീവ് അംഗം കെ.എൻ. ഗോപാലകൃഷ്ണൻ ഉദ് ഘാടനം ചെയ്തു. മികച്ച കർഷകനുള്ള കേരളകൗമുദി അവാർഡ് ലഭിച്ച പി.ഐ.ശിവരാജൻ, മികച്ച സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ച പി.ബി. അനീഷ് , മികച്ച സേവനത്തിനുള്ള എക്‌സൈസ് മെഡൽ ലഭിച്ച കെ.എൻ. ബിജുമോൻ, മികച്ച ക്ഷീരകർഷക ബിജി ജയൻ പുളിക്കൽ എന്നിവരെ സമ്മേളനത്തിൽ നങ്ങേലിൽ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഡോ. വിജയൻ നങ്ങേലിൽ ആദരിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള സമ്മാനദാനം ശാഖാ പ്രസിഡന്റ് പി.ഐ. ശിവരാജനും അവാർഡുദാനം ശാഖാ വൈസ് പ്രസിഡന്റ് പി.കെ. ശിവനും നിർവഹിച്ചു. ശാഖാ മുൻ പ്രസിഡന്റ് കെ.എം. സുബ്രഹ്മണ്യൻ, ശാഖാ സെക്രട്ടറി പി.കെ.നാരായണൻ, യൂണിയൻ കമ്മിറ്റി അംഗം കെ.എം.ദിനകരൻ എന്നിവർ സംസാരിച്ചു.