പറവൂർ: ശ്രീനാരായണ ഗുരുദേവൻ പകർന്നുതന്ന സാമൂഹ്യവിപ്ളവത്തിന്റെ ദീപശിഖ കെടാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കണമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന ജയന്തി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ ഗുരുസന്ദേശങ്ങൾ ഒരുവിളക്കുമാടംപോലെ ജീവിതത്തിലും സമൂഹത്തിലും വെളിച്ചംപകരും. ഇതിനായി ഗുരുദേവ ദർശനങ്ങൾ പുതിയകാലഘട്ടത്തിന് അനുസരിച്ച് പ്രയോഗവത്കരിക്കാൻ സാധിക്കണമെന്നും എം.എൽ.എ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
വിശിഷ്ട വ്യക്തികളെ ആദരിക്കലും വിധവ-വാർദ്ധക്യ പെൻഷൻ വിതരണവും പറവൂർ നഗരസഭാ പ്രതിപക്ഷനേതാവ് ടി.വി. നിഥിനും യൂണിയൻതല മത്സരങ്ങളുടെ സമ്മാനദാനവും സ്കോളർഷിപ്പ് വിതരണവും യോഗം കൗൺസിലറും വനിതാസംഘം കേന്ദ്ര സമിതി വൈസ് പ്രസിഡന്റുമായ ഇ.എസ്. ഷീബയും നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യൂണിയൻ കൗൺസിലർമാരായ കെ.ബി. സുഭാഷ്, വി.എൻ. നാഗേഷ്, ഡി. പ്രസന്നകുമാർ, പെൻഷനേഴ്സ് ഫോറം കേന്ദ്ര ജോയിന്റ് സെക്രട്ടറി ഐഷ രാധാകൃഷ്ണൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സമിതി പ്രസിഡന്റ് അഡ്വ. പ്രവീൺ തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ഹരി വിജയൻ സ്വാഗതവും യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഓമന നന്ദിയും പറഞ്ഞു.