crime
പ്രതി അബിൻസ്

മൂവാറ്റുപുഴ: എക്സൈസ് സെൻട്രൽ സോൺ കമ്മീഷണർ സ്ക്വാഡ് നടത്തിയ വാഹനപരിശോധനയിൽ 79.7 കിലോ കഞ്ചാവുമായി നാലുപേർ പിടിയിലായി. സർക്കിൾ ഇൻസ്പെക്ടർ പി. ജുനൈദിന്റെ നേതൃത്വത്തിൽ കലൂർ ഭാഗത്ത് വാഹനപരിശോധന നടത്തുമ്പോഴാണ് ആന്ധ്രാപ്രദേശിൽനിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്ന 79.7കിലോ കഞ്ചാവും നാഷണൽ പെർമിറ്റ് ലോറിയും പിടികൂടിയത്.

തൊടുപുഴ കാളിയാർ സ്വദേശി മലയിൽ മുണ്ടയിൽ തങ്കപ്പൻ (61), മകൻ അരുൺ തങ്കൻ, തൊടുപുഴ പടിഞ്ഞാറെ കോടിക്കുളം അമ്പാട്ട് നിധിൻ വിജയൻ (26), വണ്ണപ്പുറം കരിക്കിൻ പറമ്പിൽ അബിൻസ് (25) എന്നിവരാണ് അറസ്റ്റിലായത്.

എക്സൈസ് പറയുന്നത്: ആന്ധ്രയിൽനിന്ന് ഒരുകിലോ കഞ്ചാവ് 3000 രൂപയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഒരു കിലോയ്ക്ക് 20000 മുതൽ 35000 രൂപ വരെ നിരക്കിലാണ് ഇടനിലക്കാർക്ക് വിറ്റുവരുന്നത്. ആർക്കും സംശയം തോന്നാത്ത വിധത്തിൽ ഗൂഗിൾ പേ വഴിയാണ് ഇടപാടുകൾ. വിജയവാഡയിൽ നിന്ന് കഞ്ചാവ് ശേഖരിച്ച് എറണാകുളത്ത് എത്തിക്കുകയും വില്പന നടത്തുകയുമായിരുന്നു. പ്ലൈവുഡ്, ഫലവർഗങ്ങൾ എന്നിവയ്ക്കിടയിൽ ആർക്കും സംശയം തോന്നാത്ത രീതിയിലാണ് കഞ്ചാവ് എത്തിച്ചിരുന്നത്.

വാഹന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ വി.എസ്. പ്രദീപ്, മണികണ്ഠൻ, അസി.എക്സൈസ് ഇൻസ്പെക്ടർ ഹാരീഷ്, പ്രിവന്റീവ് ഓഫീസർമാരായ ഒ.എൻ. അജയകുമാർ, ഷിബു, സിവിൽ എക്സൈസ് ഓഫീസർമാരായ റോബി, റൂബൻ, മുജീബ് റഹ്മാൻ, അനിൽ പ്രസാദ്, രഞ്ജിത്ത്, അജിത്ത് എന്നിവർ പങ്കെടുത്തു.