കൊച്ചി: കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള പള്ളുരുത്തി അഴകിയകാവ് ക്ഷേത്രതാലപ്പൊലി ആഘോഷകമ്മിറ്റിയുടെ കണക്കുകൾ രണ്ട് മാസത്തിനകം ഓഡിറ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. ആഘോഷ കമ്മിറ്റി ക്ഷേത്രത്തിൽ നടപ്പന്തൽ നിർമ്മിച്ചതിനെതിരെ പള്ളുരുത്തി സ്വദേശി പി.സി.ഉണ്ണിക്കൃഷ്ണൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി.അജിത് കുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
താലപ്പൊലിക്കായി രൂപീകരിച്ച ആഘോഷ കമ്മിറ്റി ക്ഷേത്രത്തിലെ നടപ്പന്തൽ നിർമ്മാണം നടത്തിയതിനെ ചോദ്യം ചെയ്തായിരുന്നു ഹർജി. ട്രാവൻകൂർ കൊച്ചി റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് പ്രകാരം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഏത് നിർമ്മാണവും ബോർഡ് നേരിട്ടോ ചട്ടപ്രകാരം രൂപീകരിച്ച ക്ഷേത്ര ഉപദേശക സമിതി മുഖാന്തിരമേ നടത്താനാകൂ.
ഒരു നിർമ്മാണ പ്രവൃത്തിയും അഡ് ഹോക്ക് കമ്മിറ്റിയോ താലപ്പൊലി കമ്മിറ്റി പോലുള്ള ആഘോഷ കമ്മിറ്റിയോ വഴി നിർവഹിക്കാൻ പാടില്ല. ഈ കമ്മിറ്റിയുടെ കണക്കുകൾ നിശ്ചിത സമയപരിധിക്കകം നിയമപ്രകാരം ഓഡിറ്റ് ചെയ്യുകയും വേണമെന്ന് ഉത്തരവിൽ പറയുന്നു. അഴകിയകാവ് ക്ഷേത്രതാലപ്പൊലി ആഘോഷകമ്മിറ്റി ഓഡിറ്റ് ചെയ്ത കണക്കുകൾ ഒരു മാസത്തിനകം ദേവസ്വം ഓഫീസർക്ക് സമർപ്പിക്കണം.
രണ്ട് മാസത്തിനകം ദേവസ്വം ഓഫീസർ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിംഗ് നടത്തണം. ക്രമക്കേട് കണ്ടെത്തിയാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നടപ്പന്തൽ നിർമ്മാണം പൂർത്തിയാക്കി സമർപ്പണം നടക്കുന്നതിനാലും പുതിയ ഉപദേശക സമിതി രൂപീകരണ നടപടികൾ ആരംഭിച്ചതിനാലും ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.