കൊച്ചി: വെള്ളക്കെട്ടിനും കൊതുകിനും പുറമെ പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരങ്ങളുടെ പേരിലും കൊച്ചിനഗരം കുപ്രസിദ്ധിയാർജ്ജിക്കുന്നു. ഫുട്പാത്തുകളും വിശ്രമകേന്ദ്രങ്ങളുമുൾപ്പെടെ നാലാൾ കൂടുന്നിടത്തെല്ലാം മാലിന്യക്കൂമ്പാരമാണ്. നഗരഹൃദയത്തിൽ കോടികൾ ചെലവഴിച്ച് നിർമ്മിച്ച ഫുട്പാത്തുകൾ പോലും മാലിന്യമുക്തമല്ലെന്നതാണ് ഏറെ ശ്രദ്ധേയം.

എം.ജി. റോഡിലും ചിറ്റൂർ റോഡിലുമുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ മാലിന്യക്കൂമ്പാരമുണ്ട്. ഇവിടെയൊന്നും കൃത്യമായി നിരത്ത് തൂത്തുവാരാറില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

എം.ജി. റോഡിന് സമാന്തരമായി സ്ഥാപിച്ചിട്ടുള്ള ഫുട് പാത്തിൽ പലയിടത്തും പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളുമുണ്ട്. റീജിയണൽ പാസ് പോർട്ട് ഓഫീസ് ഉൾപ്പെടെ നിരവധി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും വി.ഐ.പി റെസിഡൻസ് കോളനികളുമുള്ള പനമ്പിള്ളി നഗറും മാലിന്യം കൂമ്പാരത്താൽ ചീഞ്ഞുനാറുകയാണ്. പനമ്പിള്ളി നഗറിൽ സി.എസ്.എം.എൽ കൊട്ടിഘോഷിച്ച് നിർമ്മിച്ച ഫുട്പാത്തും വിശ്രമകേന്ദ്രങ്ങളും കാടുകയറിനശിച്ചിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല. പദ്ധതികൾ നടപ്പിലാക്കാൻ കാട്ടുന്ന ശുഷ്കാന്തി നിലനിറുത്തുന്ന കാര്യത്തിൽ ഇല്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഇവിടുത്തെ വിലകൂടിയ അലങ്കാര ദീപങ്ങളും ഇരിപ്പിടങ്ങളുമൊക്കെ നാശത്തിന്റെ വക്കിലാണ്.

തെരുവ് നായ ശല്യം രൂക്ഷമാകാനുള്ള പ്രധാനകാരണമായി പറയുന്നത് പൊതുസ്ഥലത്തെ മാലിന്യനിക്ഷേപമാണ്. നഗരത്തിലെ പ്രധാന നിരത്തുകളോട് ചേർന്ന് നൂറിലേറെ സ്ഥലങ്ങളിൽ മാലിന്യക്കൂമ്പാരവും അതിനോട് ചേർന്ന് തെരുവ്നായകളുടെ സംഘവുമുണ്ട്.

ഏറ്റവും അധികം ആളുകൾ രാത്രിയിലും ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സി പരിസരത്തു പോലും തെരുവ്നായ ശല്യം രൂക്ഷമാണ്. ബസ് സ്റ്റേഷന് സമീപത്തെ ഓവർ ബ്രിഡ്ജിന് അടിയിലും സലിംരാജൻ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തും വൻതോതിൽ മാലിന്യക്കൂമ്പാരമുണ്ട്.

രാവിലെയും വൈകിട്ടും വ്യായാമത്തിന്റെ ഭാഗമായി നൂറുകണക്കിന് ആളുകൾ നടക്കാൻ ഇറങ്ങുന്ന നെഹ്രുസ്റ്റേഡിയം, സ്റ്റേഡിയം ലിങ്ക് റോഡ് എന്നിവിടങ്ങളിലും മാലിന്യക്കൂമ്പാരങ്ങളും തെരുവ് നായശല്യവും രൂക്ഷമാണ്. പ്രതിദിനം 7 ലക്ഷത്തിലേറെ രൂപ മാലിന്യനിർമ്മാർജനത്തിന് വേണ്ടിമാത്രം ചെലവഴിക്കുന്ന നഗരത്തിലാണ് ഈ ദുര്യോഗം.