
വൈപ്പിൻ: നവകേരളത്തെ മുന്നോട്ടു നയിക്കുന്ന ദീപശിഖയാണ് മഹാത്മാ അയ്യങ്കാളിയുടെ ജ്വലിക്കുന്ന സ്മരണകളെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അയ്യങ്കാളിയുടെ ചരിത്രം സമൂഹത്തിന് ഔന്നത്യം പകരുന്നു. ദളിത് മുന്നേറ്റങ്ങളിൽ പ്രഥമസ്ഥാനമാണ് അയ്യങ്കാളിയുടെ പ്രസ്ഥാനത്തിനുള്ളത്. പാവങ്ങൾക്കായുള്ള സാധുജന പരിപാലന സംഘമാണ് അദ്ദേഹം രൂപീകരിച്ചത്.
അയ്യങ്കാളിയുടെ 160-ാം ജന്മദിനത്തോടനുബന്ധിച്ച് കെ.പി.എം.എസ് വൈപ്പിൻ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവിട്ടാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ഞാറക്കലിൽ നടന്ന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എൻ.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, അഡ്വ. ജയശങ്കർ, ഹരീഷ് വാസുദേവൻ, സംഘാടക സമിതി ജനറൽ കൺവീനർ എൻ. ജി.രതീഷ്, ട്രഷറർ പി.കെ.സുഗുണൻ എന്നിവർ സംസാരിച്ചു.