
ആലുവ: പത്ത് ലക്ഷം രൂപ മുടക്കി കുഴിയടച്ച റോഡ് രണ്ടാഴ്ച്ചയ്ക്കുള്ളിൽ പഴയ അവസ്ഥയിലായി. ആലുവ-പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിലാണ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടത്. ഓണം അവധി കഴിഞ്ഞ് വിദ്യാലയങ്ങളും സ്ഥാപനങ്ങളും ഇന്ന് തുറക്കുമ്പോൾ അപകട സാധ്യത വർദ്ധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ആലുവ-പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിൽ അപകടങ്ങൾ പതിവായതിനെ തുടർന്ന് കുട്ടമശേരി മേഖലയിൽ പ്രതിഷേധ സമരങ്ങൾ ശക്തമായിരുന്നു. ഇതോടെയാണ് അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ച് റീ ടാറിംഗ് ചെയ്തത്. പക്ഷേ, കാലവർഷം ശക്തമായപ്പോൾ അടച്ച കുഴികളെല്ലാം ഒന്നൊന്നായി റോഡിൽ വീണ്ടും തലപൊക്കി. ഇതോടെ ഇരുച്ചക്ര യാത്രികരാണ് ഏറെ കഷ്ടത്തിലായിരിക്കുന്നത്. കാൽനടയാത്രക്കാരും ദുരിതത്തിലാണ്. റോഡിന്റെ പേരിൽ പത്ത് ലക്ഷം രൂപ പാഴാക്കിയെന്ന് യാത്രക്കാരും നാട്ടുകാരും കുറ്റപ്പെടുത്തുന്നു.