മൂവാറ്റുപുഴ: തൃക്കളത്തൂർ പ്രവ്ദ ആർട്സ് ക്ലബ്ബും ലൈബ്രറിയും ചേർന്ന് ഓണോത്സവം സംഘടിപ്പിച്ചു. പൂക്കള മത്സരം, കലാ, കായിക മത്സരങ്ങൾ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സിദ്ധാർത്ഥ് സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം, കാഞ്ഞൂർ നാട്ടുപൊലിമയുടെ നാട്ടുപാട്ട് അരങ്ങ്, പ്രവ്ദ കലാകാരന്മാർ അവതരിപ്പിച്ച "പാട്ടോണം-22" നൃത്ത-സംഗീത നിശ എന്നിവയുണ്ടായി. സാംസ്കാരിക സമ്മേളനം എ.പി. വർക്കി മിഷൻ ഹോസ്‌പിറ്റൽ ചെയർമാൻ പി.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. അനീഷ് വി.ഗോപാൽ അദ്ധ്യക്ഷത വഹിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കാനഡയിൽ നടന്ന അന്താരാഷ്ട്ര റേഡിയോ നാടക മത്സരത്തിൽ മികച്ച സഹനടനുള്ള അവാർഡ് നേടിയ കെ.ജെ.മാർട്ടിന് സ്വീകരണം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം റിയാസ് ഖാൻ, പഞ്ചായത്ത് അംഗം എം.എ.നൗഷാദ്, ശബരിമല മുൻ മേൽശാന്തി എ.ആർ.രാമൻ നമ്പൂതിരി, ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് പി.അർജുനൻ, അജിൻ അശോകൻ എന്നിവർ സംസാരിച്ചു.