മൂവാറ്റുപുഴ: വായനയുടെ പുതു വാതായനങ്ങൾ ഒരു നാടിന് തുറന്നുനൽകുകയാണ് ഗ്രന്ഥശാലാ ദിനത്തിൽ ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി.1974ൽ പിറവിയെടുത്ത പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ്ബ് ഇന്ന് നാട്ടിലെ ജനകീയ വായനശാലയാണ്.
പായിപ്ര ഗ്രാമ പഞ്ചായത്തിലെ അവികസിത മേഖലയായ ആട്ടായം പ്രദേശത്തെ അക്ഷരപ്രേമികളുടെ കൂട്ടായ്മയിൽ നിന്നാണ് പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ്ബ് പിറവിയെടുത്തത്. ഗ്രന്ഥശാല സംഘത്തിന്റെ അഫിലിയേഷൻ ലഭിച്ചതോടെ സാമൂഹിക,സാംസ്‌കാരിക,വിദ്യാഭ്യാസ രംഗങ്ങളിലെ പ്രവർത്തനങ്ങൾ വായനശാല ഏറ്രെടുത്തു.കൊവിഡ് കാലത്തും ലൈബ്രറിയുടെ പ്രവർത്തനം തടസമില്ലാതെ തുടർന്നതായി പ്രസിഡന്റ് ജേക്കബ് കുര്യനും സെക്രട്ടറിയായ ഇലാഹിയ ട്രസ്റ്ര് ഓഫീസ് മാനേജർ സമദ് മുടവനയും പറഞ്ഞു. ലൈബ്രറിയിലെ അക്ഷരസേനാ പ്രവർത്തകർ പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുനൽകി വായനയെ പ്രോത്സാഹിപ്പിക്കുന്നു.വനിതാവേദി,ബാലവേദി, യുവജനവേദി, വയോജനവേദി എന്നിവയുടെ പ്രവർത്തനത്തിലൂടെ ഗ്രാമീണരെ മുഴുവൻ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാനും സാധിച്ചിരുന്നു.